News
വനിതാദിനത്തില്‍ മെക്സിക്കോയിലെ കത്തോലിക്ക ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കി
പ്രവാചകശബ്ദം 12-03-2025 - Wednesday
മെക്സിക്കോ സിറ്റി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് മെക്സിക്കോയില്‍ നടന്ന ശക്തി പ്രകടന റാലിയോട് അനുബന്ധിച്ച് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക ദേവാലയങ്ങളുടെ ചുവരുകള്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കി. ദേവാലയ ഭിത്തിയും ഘടനകളും വികൃതമാക്കിയും അസഭ്യ വാക്കുകളും ഗര്‍ഭഛിദ്രത്തിനെതിരെയുള്ള സഭാനിലപാടിനെ പരിഹസിച്ചുള്ള മുദ്രാവാക്യങ്ങളും എഴുതിയുമാണ് ഫെമിനിസ്റ്റുകള്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. ജാലിസ്കോ സംസ്ഥാനത്ത്, ഗ്വാഡലജാരയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ബസിലിക്കയും ആക്രമണത്തിന് ഇരയായ ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു.
കത്തോലിക്കാ സഭയ്‌ക്കെതിരായ വെറുപ്പു പ്രകടമാക്കിയാണ് ഫെമിനിസ്റ്റുകള്‍ ആക്രമണം നടത്തിയതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ടൊലൂക്കയിലെ സാൻ ജോസ് കത്തീഡ്രലിന്റെ വാതിലിൽ ഗർഭഛിദ്ര അനുകൂല വാക്യങ്ങള്‍ എഴുതി വികൃതമാക്കി. ദേവാലയ പരിസരത്ത് സ്ഥാപിച്ച ചില സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിനിടെ മധ്യമേഖലയിലെ മോറെലോസിൽ, കുർണാവാക്ക കത്തീഡ്രലിന് ചുറ്റുമുള്ള സംരക്ഷണ വേലി തകർക്കാൻ സ്ത്രീകള്‍ പരാജയപ്പെടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Integrantes de la #Marcha8M por el #DiaInternacionalDeLaMujer intentaron prender fuego a la puerta la catedral de #Oaxaca. pic.twitter.com/arG1AWNxlj
— Jaime Guerrero (@jaimeguerrero08) March 9, 2025
രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒക്സാക്കയിൽ, വനിതാ ദിന മാർച്ചിൽ പങ്കെടുത്തവർ അസംപ്ഷന്‍ കത്തീഡ്രൽ ദേവാലയ ചുവരുകളിൽ ചുവരെഴുത്ത് നടത്തി അലങ്കോലമാക്കി. പ്രധാന വാതിലിന് തീയിടാനുള്ള ശ്രമം ഫെമിനിസ്റ്റുകള്‍ നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രാജ്യമെമ്പാടും നടന്ന അതിക്രമ സംഭവങ്ങളില്‍ സംഭവത്തിൽ ആർച്ച് ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്‌പെ ദുഃഖം പ്രകടിപ്പിച്ചു. തികച്ചും വേദനിപ്പിക്കുന്ന അക്രമമാണ് അരങ്ങേറിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാര്‍മ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ അന്താരാഷ്ട്ര വനിതാ ദിനങ്ങളിലും യൂറോപ്പിലെയും, അമേരിക്കയിലെയും കത്തോലിക്കാ ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
⧪ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?
