News - 2024
കൊളംബിയന്‍ ദേവാലയത്തിൽ ഫെമിനിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 02-10-2022 - Sunday
ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയുടെ മുഖമുദ്രയായ കത്തോലിക്ക ദേവാലയത്തിനെതിരെ ഭ്രൂണഹത്യ അനുകൂലികള്‍ നടത്തിയത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് കത്തോലിക്ക സംഘടനകള്‍. ആക്രമണത്തെ അപലപിച്ച സംഘടനകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടു. “വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും, എല്ലാതരത്തിലുള്ള അക്രമങ്ങളെയും അപലപിക്കുകയാണെന്നും മാര്‍ച്ചുകളിലും, പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നവരില്‍ നിന്നും സാമാന്യ മര്യാദയും, സംസ്കാരവും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ബൊഗോട്ട അതിരൂപത പ്രസ്താവിച്ചു.
അബോര്‍ഷന്‍ അനുകൂലികള്‍ നടത്തിയ അക്രമത്തേയും അസഹിഷ്ണുതയേയും അപലപിക്കുന്നുവെന്നും വിശ്വാസികള്‍ക്കും, ദേവാലയത്തിനും എതിരായ അക്രമം ഒരുതരത്തിലും സ്വീകരിക്കുവാന്‍ കഴിയാത്തതാണെന്ന് കൊളംബിയന്‍ കോണ്‍ഗ്രസ്സിന്റെ പുതുതായി രൂപീകരിക്കപ്പെട്ട പ്രോലൈഫ് കോക്കസ് (ഉള്‍പ്പാര്‍ട്ടി സഖ്യം) പ്രസ്താവിച്ചു. കത്തോലിക്ക സംഘടനകളായ യുണൈറ്റഡ് ഫോര്‍ ലൈഫും, കത്തോലിക്ക് സോളിഡാരിറ്റി മൂവ്മെന്റും ദേവാലയത്തിനെതിരായ ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. പോലീസിനെ വിഭജിച്ച് പ്രതികരണ ശേഷി കുറയ്ക്കുക വഴി ബൊഗോട്ട മേയര്‍ ക്ലോഡിയ ലോപസ് അക്രമികളെ സഹായിക്കുകയായിരുന്നെന്നു കാത്തലിക്ക് സോളിഡാരിറ്റി മൂവ്മെന്റ് പ്രസ്താവിച്ചു.
Desadaptados intentan quemar la catedral primada de Bogotá. Una clara violación a la libertad de cultos y un riesgo para la vida de los demás. Esto tiene relevancia penal, ojalá autoridades judicialice a los responsables pic.twitter.com/u6iq2tgMdJ
— Julián Quintana (@julianquintanat) September 29, 2022
അബോര്‍ഷന്‍ അനുകൂലികളുടെ അക്രമത്തെ തടയുവാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണമെന്നാണ് യുണൈറ്റഡ് ഫോര്‍ ലൈഫ് ആവശ്യപ്പെട്ടു. കുരുന്നു ജീവനുകളോടും, അവരുടെ മാതാപിതാക്കളോടും കുറ്റം ചെയ്യുവാന്‍ വിസമ്മതിക്കുന്നവരെ അബോര്‍ഷന്‍ അനുകൂലികള്‍ ഭയപ്പെടുത്തുകയാണെന്നും സംഘടന ആരോപിച്ചു.പീപ്പിള്‍സ് ഓംബുഡ്സ്മാന്‍ കാര്‍ലോസ് കാമാര്‍ഗോ അസിസും ദേവാലയത്തിനെതിരായ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ആരാധന സ്വാതന്ത്ര്യം എന്നത് 1994-ലെ ഭരണഘടന നിയമത്തില്‍ അംഗീകരിച്ചിട്ടുള്ള ഒരു മൗലീകാവകാശമാണെന്നും, ഭരണാധികാരികള്‍ക്ക് ഈ അവകാശം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തവുമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൊളംബിയന്‍ ഭരണഘടനാ കോടതി ഗര്‍ഭധാരണം മുതല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം കുറ്റകരമല്ലാതാക്കിയിരുന്നു. സെപ്റ്റംബര്‍ 28-ന് നടത്തിയ മാര്‍ച്ചിനിടെ ഒരു സംഘം അബോര്‍ഷന്‍ അനുകൂലികളായ സ്ത്രീപക്ഷവാദികള്‍ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ദേവാലയത്തിന്റെ പ്രധാന വാതിലിന് തീകൊളുത്തിയതിന് പുറമേ, ദേവാലയത്തിന്റെ ഭിത്തികള്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളാല്‍ വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. ബൊഗോട്ടയിലെ മേയറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കം നിരവധി ആളുകള്‍ നോക്കിനില്‍ക്കേയാണ് ഈ അക്രമം നടന്നത്. മേയറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കാണിച്ച നിഷ്ക്രിയത്വത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരിന്നു.