News - 2024

വനിത ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ 'ഫെമിനിസ്റ്റുകളുടെ അഴിഞ്ഞാട്ടം': കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം

പ്രവാചകശബ്ദം 10-03-2023 - Friday

മെക്സിക്കോ സിറ്റി: ഇക്കഴിഞ്ഞ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം. ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലൊന്ന്‍ മെക്സിക്കോയാണ്. മെക്സിക്കോ സിറ്റിയിലെ പ്ലാസാ ഡെ ലാ കോണ്‍സ്റ്റിറ്റ്യൂസിയോണില്‍ സ്ഥിതി ചെയ്യുന്ന മെട്രോപ്പൊളിറ്റൻ കത്തീഡ്രൽ ആക്രമണത്തിനിരയായി. ദേവാലയത്തിന്റെ സംരക്ഷണവേലി മറികടന്ന സ്ത്രീപക്ഷവാദികള്‍ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി സമീപത്തുള്ള ലൈറ്റ് തകര്‍ത്തു.

പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. മെക്സിക്കോ സിറ്റിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള പുയെബ്ലാ നഗരത്തിലെ കത്തീഡ്രലിന്റെ മുന്നിലെ മതിലില്‍ സ്ഥാപിച്ചിരുന്ന മാലാഖയുടെ രൂപവും ഫെമിനിസ്റ്റുകള്‍ തകര്‍ത്തു. മെറിഡായിലും സമാനമായ അക്രമങ്ങള്‍ അരങ്ങേറി. മെറിഡായിലെ വിശുദ്ധ ഇല്‍ദെഫോണ്‍സൊയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ചുവരെഴുത്തുകളാൽ വികൃതമാക്കിയിരിന്നു. “സഭയെ അബോര്‍ഷന്‍ ചെയ്യൂ” എന്നതടക്കമുള്ള പ്രകോപനപരമായ ചുവരെഴുത്തുകളാലാണ് ദേവാലയം വികൃതമാക്കിയിരിക്കുന്നത്.

മറ്റ് ഫെമിനിസ്റ്റുകള്‍ ഒരുക്കിയ സംരക്ഷണ വലയത്തില്‍ നിന്നുകൊണ്ട് ഒരു ഫെമിനിസ്റ്റ് പോലീസിനു നേര്‍ക്കും, എല്‍ ബിയാറ്റെരിയോ ദേവാലയത്തിന് സംരക്ഷണവുമായി കാവല്‍ നിന്നിരുന്ന വിശ്വാസികള്‍ക്കുമെതിരെ പെയിന്റ് എറിഞ്ഞു. “ഞങ്ങളുടെ അണ്ഡാശയത്തിൽ നിന്നും നിങ്ങളുടെ ജപമാലകള്‍ എടുക്കുക”, “പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് മരണം” തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കികൊണ്ടായിരുന്നു ആക്രമണം. മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ദേശീയ സ്മാരകങ്ങളില്‍ ഒന്നായ സാന്‍ ലോറന്‍സോ മാര്‍ട്ടിര്‍ മൈനര്‍ ബസിലിക്കയിലെത്തിയ ഫെമിനിസ്റ്റുകള്‍ ദേവാലയത്തിന്റെ തൂണുകളും, ഭിത്തികളും, വാതിലുകളും ചുവരെഴുത്തുകളാല്‍ വികൃതമാക്കി.



പ്രദേശവാസികളും, വിശ്വാസികളുമാണ് വലിയ നാശനഷ്ടം സംഭവിക്കുന്നതില്‍ നിന്നും ബസിലിക്കയെ സംരക്ഷിച്ചത്. കോച്ചാബാംബായിലെ സാന്‍ സെബാസ്റ്റ്യന്‍ കത്തീഡ്രലിനുമെതിരെയും ആക്രമണമുണ്ടായി. ആക്രമണത്തെ ആർച്ച് ബിഷപ്പ് ഓസ്കാര്‍ അപാരിസിയോ അപലപിച്ചു. സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാര്‍മ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ അന്താരാഷ്ട്ര വനിതാ ദിനങ്ങളിലും യൂറോപ്പിലെയും, അമേരിക്കയിലെയും കത്തോലിക്കാ ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.


Related Articles »