India - 2025

ലഹരി ഉപയോഗത്തിനെതിരേ സമൂഹമനഃസാക്ഷി ഒരുമിച്ചുനിന്ന് ഉണർന്ന് പ്രവർത്തിക്കേണ്ട സമയം: മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ്

പ്രവാചകശബ്ദം 15-03-2025 - Saturday

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന അമിതമായ ലഹരി ഉപയോഗത്തിനെതിരേ സമൂഹമനഃസാക്ഷി ഒരുമിച്ചുനിന്ന് ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ് പുറപ്പെടുവിച്ച പ്രസ്ഥാവനയിൽ പറയുന്നു. കേട്ടുകേൾവിയില്ലാത്ത വിധം വ്യത്യസ്‌തമായ ലഹരി വസ്‌തുക്കൾ നാട്ടിലാകെ ലഭ്യമാകുന്ന ഗുരുതരമായ സാഹചര്യമാണെന്ന് അറിയുന്നു. യൂണിവേഴ്‌സിറ്റികൾ, കോളജുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ ഇവയെല്ലാം ലഹരി വസ്‌തുക്കളുടെ അനിയന്ത്രിതമായ സംഭരണ കേന്ദ്രങ്ങളും വിതരണ ശൃംഖലകളുമായി തീരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിക്രൂരമായ ക്രിമിനൽ കുറ്റ കൃത്യങ്ങൾ ചെയ്യുന്നതിന് യുവ തലമുറയെ പ്രചോദിപ്പിക്കുന്നത് ലഹരി വസ്‌തുക്കളാണ്. ലഹരി ഉപയോഗം ആഘോഷമാക്കുന്ന സിനിമ കളും സാമുഹിക മാധ്യമങ്ങളും കർശനമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കേണ്ടതാണ്.

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ മാർച്ച് 10 മുതൽ തിരുവനന്തപുരം കാതോലിക്കേറ്റ് സെന്റ റിൽ നടന്ന സുനഹദോസ് ഇന്നലെ സമാപിച്ചു. മലങ്കര പുനരൈക്യത്തിൻ്റെ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വർഷാചരണത്തിൻ്റെ സമാപനവും പുനരൈക്യ വാർഷികവും സെപ്റ്റംബറിൽ പത്തനംതിട്ട രൂപതയിൽ നടക്കും. 2025-26 ആരാധനക്രമ വർഷമായി ആചരിക്കും.

ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസിൻ്റെ ചുമതലയിലുള്ള സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയായി ഡോ. ജോജു ജോൺ, അൽമായ കമ്മീഷൻ്റെ സെക്രട്ടറിയായി വര്‍ഗീസ് ജോർജ്, മീഡിയ കമ്മീഷൻ സെക്രട്ടറിയായി ഫാ. സ്കോട്ട് സ്ലീബാ എന്നിവരെ തെരഞ്ഞെടുത്തു. സൂനഹദോസിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്കു പുറമേ സൂനഹദോസ് സെക്രട്ടറി ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസെൻ്റ മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ഗിവർഗീസ് മാർ മക്കാറിയോസ്, മാത്യുസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽവാനോസ്, മാത്യുസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജുലിയോസ് എന്നിവർ പങ്കെടുത്തു.


Related Articles »