News - 2025

വിശുദ്ധ നാടിനുവേണ്ടി സഹായം അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി

പ്രവാചകശബ്ദം 18-03-2025 - Tuesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിന്റെ പ്രത്യേകമായ സംരക്ഷണത്തിന് എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച്ച ദിവസമോ, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസമോ ധനശേഖരണം നടത്തുന്ന പാരമ്പര്യം തുടരുവാന്‍ സഹായ അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. കടുത്ത ദുരിതമനുഭവിക്കുന്നവരുടെ നിലവിളി ശ്രവിക്കുവാനുള്ള കത്തോലിക്ക സഭയുടെ ഉത്തരവാദിത്വം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ നാടിനുവേണ്ടി പ്രത്യേക ധനശേഖരണം നടത്തണമെന്നു പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തിരിക്കുന്നത്.

ആഗോള സഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരെ അഭിസംബോധന ചെയ്തുക്കൊണ്ട്, പരിശുദ്ധ പിതാവിനുവേണ്ടി ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടി, സെക്രട്ടറി ആർച്ചുബിഷപ്പ് മൈക്കൽ ജാല എന്നിവർ സംയുക്തമായാണ് ഇത് സംബന്ധിച്ച കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. യുദ്ധകലുഷിതമായ വിശുദ്ധ നാട്ടില്‍, ഇടവകകൾ, സ്കൂളുകൾ, ആശുപത്രികൾ, പ്രായമായവർക്കുള്ള വീടുകൾ, കുടിയേറ്റക്കാർക്കുള്ള കേന്ദ്രങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ, അഭയാർഥികൾ എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങളില്‍ നിരവധി ആവശ്യങ്ങളുണ്ട്. ഈ വർഷം ധനസഹായം അത്യാവശ്യമായി മാറിയെന്നും, വിശുദ്ധ നാട്ടിലെ അവസ്ഥകൾ വിവരിച്ചുക്കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.

നമ്മുടെ സ്വന്തം ഭവനം സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, ഈ ധനശേഖരണത്തിൽ എല്ലാവരും ഉദാരമതികളായി പങ്കെടുക്കുന്നതിന് ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു. പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ, ഈ സംഭാവനകൾ ദൈവാനുഗ്രഹം നേടുന്നതിന് ഇടയാകട്ടെയെന്ന ആശംസയും അഭ്യർത്ഥനയിൽ പങ്കുവെച്ചിട്ടുണ്ട്. വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള സ്തോത്രക്കാഴ്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ അന്ന് മാര്‍പാപ്പയായിരിന്ന പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - വിശുദ്ധ നാടിന് വേണ്ടിയുള്ള സ്തോത്രക്കാഴ്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു.


Related Articles »