News

ഫ്രാന്‍സിസ് പാപ്പയ്ക്കും എല്ലാ രോഗികള്‍ക്കും വേണ്ടി ജെറുസലേമിലെ കുരിശിന്റെ വഴി വീഥിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 19-03-2025 - Wednesday

ജെറുസലേം: ഫ്രാന്‍സിസ് പാപ്പയ്ക്കും ലോകമെമ്പാടുമുള്ള രോഗികള്‍ക്കും വേണ്ടി ജെറുസലേമിലെ വിവിധ കത്തോലിക്ക സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. മാർച്ച് 14 വെള്ളിയാഴ്ച വിശുദ്ധ നഗരത്തിലെ തെരുവില്‍ കുരിശിന്റെ വഴി വീഥിയില്‍ പ്ലക്കാർഡുകൾ വഹിച്ചുക്കൊണ്ടായിരിന്നു കുരിശിന്റെ വഴി നടന്നത്. ജൂബിലി വർഷത്തിനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്ത "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന മുദ്രാവാക്യത്തിന് കീഴിൽ, കാൽവരിയിലേക്കു കുരിശുമായി യേശു നടന്നു നീങ്ങിയ വഴികളിലൂടെ ഏകദേശം 700 ആൺകുട്ടികളും പെൺകുട്ടികളും സഞ്ചരിച്ചു.

വിശുദ്ധ നാടിന്റെ കസ്റ്റോഡിയൻ ഫാ. ഫ്രാൻസിസ് പാറ്റണും വിശുദ്ധ നാട്ടിലെ ഫ്രാൻസിസ്കൻ സ്കൂളിന്റെ കസ്റ്റഡി വികാരിയും ഡയറക്ടറുമായ ഫാ. ഇബ്രാഹിം ഫാൽത്താസും നേതൃത്വം നൽകി. കുരിശിന്റെ വഴി പാതയായ വിയ ഡോളോറോസയിലെ ഫ്രാൻസിസ്കൻ ചാപ്പലിൽ ആരംഭിച്ച കുരിശിന്റെ വഴിയുടെ ആരംഭത്തില്‍, ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടിയും രണ്ട് ദിവസം മുമ്പ് ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാ. അയ്മാൻ ബത്തീഷ് എന്ന വൈദികനെയും അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി.

"പ്രത്യാശ" എന്ന വാക്ക് വിവിധ ഭാഷകളിൽ ആലേഖനം ചെയ്ത പോസ്റ്ററുകൾ നിരവധി വിദ്യാർത്ഥികൾ തയ്യാറാക്കിയിരുന്നു. കിഴക്കൻ പഴയ ജെറുസലേം നഗരത്തിലൂടെയുള്ള കുരിശിന്റെ വഴി പ്രാര്‍ത്ഥനായാത്രയില്‍ ജെറുസലേമിലെ 13 ക്രിസ്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. വിശുദ്ധ നാടിന്റെ കസ്റ്റോഡിയൻ ഫാ. ഫ്രാൻസെസ്കോ പാറ്റൺ കുരിശിന്റെ തിരുശേഷിപ്പുക്കൊണ്ട് നല്‍കിയ അവസാന ആശീർവാദത്തോടെയാണ് പ്രാര്‍ത്ഥനയ്ക്കു സമാപനമായത്. നോമ്പുകാലത്ത് ജെറുസലേമിലെ കത്തോലിക്കാ സ്കൂളുകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തുന്നതു വര്‍ഷങ്ങളായി തുടരുന്ന പതിവാണ്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »