News
ഫ്രാന്‍സിസ് പാപ്പ ഇന്ന് ആശുപത്രി വിടും; രണ്ടു മാസത്തേക്ക് വിശ്രമം
പ്രവാചകശബ്ദം 23-03-2025 - Sunday
വത്തിക്കാൻ സിറ്റി: ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയാ യി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർ പാപ്പയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. ഉച്ചയ്ക്കായിരിക്കും ഡിസ്‌ചാർജ് ചെയ്യുക. ഇതിനു മുന്നോടിയായി വിശ്വാസികൾക്ക് ആശീർവാദം നൽകും. ആശുപത്രിയുടെ ജാലകത്തിങ്കൽ നിന്നായിരിക്കും വിശ്വാസികൾക്ക് ആശീർവാദം നൽകുകയെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിനു മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിനുശേഷമുള്ള സന്ദേശം നൽകില്ല. പകരം മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിൻ്റെ പ്രിന്റ് വിശ്വാസികൾക്കു വിതരണം ചെയ്യും.
ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. പാപ്പായുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന ഡോ. ലൂയിജി കാർബോണെ, വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി, ജെമെല്ലി ആശുപത്രിയിൽ പാപ്പായുടെ ചികിത്സാസംബന്ധിയായ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. സേർജിയോ അൽഫിയേരി എന്നിവരാണ് ഇന്നലെ മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം, പാപ്പായുടെ ആരോഗ്യവിവരങ്ങളും ഡിസ്ചാർജ്ജും സംബന്ധിച്ച കാര്യങ്ങൾ പങ്കുവച്ചത്.
ലോകം മുഴുവൻ കാത്തിരുന്ന സന്തോഷവാർത്ത നൽകുന്നു എന്ന വാക്കുകളോടെയാണ് ഡോ. അൽഫിയേരി, പാപ്പായുടെ ഡിസ്ചാർജ് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്. ഇരു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കുറവുണ്ടെങ്കിലും വത്തിക്കാനിലെ വസതിയായ സാന്താ മാർത്തായിലും പാപ്പായുടെ ചികിത്സകൾ തുടരേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെ ല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
