News
കത്തോലിക്ക ആര്‍ച്ച് ബിഷപ്പിന് പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ പ്രത്യേക മെഡലും ആദരവും
പ്രവാചകശബ്ദം 26-03-2025 - Wednesday
ഇസ്ലാമാബാദ്: മതാന്തര സംവാദത്തിലും മത ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും രാഷ്ട്രത്തിന് നൽകിയ സേവനങ്ങളും പാക്കിസ്ഥാന്റെ സാമൂഹിക ക്ഷേമത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നൽകിയ സംഭാവനകളും പരിഗണിച്ച് കറാച്ചി ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോസഫ് കൗട്ട്സിന് പാക്കിസ്ഥാൻ പ്രസിഡന്‍റിന്റെ ആദരവ്. "തംഘ-ഇ-ഇംതിയാസ്" മെഡലാണ് രാജ്യത്തെ പ്രസിഡന്‍റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യത്തിനായുള്ള പൊതുസേവനത്തിൽ മികവ് പുലർത്തുകയും രാഷ്ട്രം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുകയും ചെയ്ത സ്വദേശികളോ വിദേശികളോ ആയ പൗരന്മാർക്കാണ് മെഡൽ ഓഫ് എക്സലൻസ് അവാർഡ് നൽകുന്നത്.
50 വർഷത്തിലേറെയായി രാജ്യത്ത് മതാന്തര സംവാദവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന അറിയപ്പെടുന്ന എക്യുമെനിക്കൽ കേന്ദ്രമായ റാവൽപിണ്ടിയിലെ ക്രിസ്ത്യൻ സ്റ്റഡീസ് സെന്ററിന്റെ തലവനായ ആദ്യത്തെ കത്തോലിക്കനാണ് കർദ്ദിനാൾ ജോസഫ് കൗട്ട്സ്. മനുഷ്യരാശിക്ക് അദ്ദേഹം നൽകിയ സേവനവും വ്യത്യസ്ത വിശ്വാസങ്ങളെ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ പങ്കും എല്ലാ പാക്കിസ്ഥാനികൾക്കും പ്രചോദനമാണെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് അലി സർദാരി പറഞ്ഞു, രാജ്യത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കർദ്ദിനാളിന്റെ പ്രതിബദ്ധത പ്രസിഡന്‍റ് ഊന്നിപ്പറഞ്ഞു. മാർച്ച് 23 ന് ഇസ്ലാമാബാദിൽ ചടങ്ങിൽ, വിവിധ സാമൂഹിക മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന നൂറിലധികം ആളുകൾക്ക് വിവിധ അവാര്‍ഡുകള്‍ നൽകി.
1945-ലാണ് അദ്ദേഹത്തിന്റെ ജനനം. 1971 ൽ ലാഹോര്‍ രൂപത വൈദികനായി അഭിഷിക്തനായി. 1988 ൽ പാക്കിസ്ഥാനിലെ ഹൈദരാബാദ് ബിഷപ്പായി നിയമിതനായ അദ്ദേഹം 1990 ൽ ഹൈദരാബാദ് രൂപതയുടെ നേതൃത്വം ഏറ്റെടുത്തു. 1998 ൽ ഫൈസലാബാദ് രൂപതയുടെ തലവനായി നിയമിക്കപ്പെട്ടു. 2012 ൽ കറാച്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി അദ്ദേഹത്തെ പരിശുദ്ധ സിംഹാസനം നിയമിച്ചു. 2018ലെ കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്സിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
