News - 2025
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 29-03-2025 - Saturday
വത്തിക്കാന്‍ സിറ്റി: ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും ഏഷ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത ശക്തമായ ഭൂകമ്പത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും ദുഃഖം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ, മരിച്ചവരുടെ ആത്മാക്കൾക്കായി പ്രാർത്ഥനകൾ അർപ്പിക്കുകയും ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ അടുപ്പം ഉറപ്പ് വാഗ്ദാനം ചെയ്തും രംഗത്ത് വന്നു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് പാപ്പയെ പ്രതിനിധീകരിച്ച് അനുശോചന സന്ദേശം അയച്ചത്.
മ്യാൻമറിലെ കത്തോലിക്ക സമൂഹങ്ങളെയും ഭൂകമ്പം ബാധിച്ചു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ റിപ്പോർട്ട് പ്രകാരം, മണ്ഡാലയിലെ നിരവധി പള്ളികൾക്ക് നാശനഷ്ടമുണ്ടായി. സെന്റ് മൈക്കിൾസ് കത്തോലിക്കാ ഇടവകയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നും ഷാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ടൗങ്ഗിയിലുള്ള സെന്റ് ജോസഫ്സ് കത്തീഡ്രലിനും കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഭവനരഹിതരായവരെ പിന്തുണയ്ക്കാൻ പ്രാദേശിക സഭാ നേതാക്കൾ വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്. ദുരന്തത്തില്‍ മരണം ആയിരം കടന്നുവെന്ന് ഇന്ന് രാവിലെ തന്നെ സ്ഥിരീകരണമുണ്ടായിരിന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധിക്യതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിൽ തുടരുകയാണ്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
