News
ബെനഡിക്ട് പാപ്പയുടെ സഹോദരന്റെ ഭവനം ഇന്ന് യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്രം
പ്രവാചകശബ്ദം 23-06-2022 - Thursday
റീഗന്‍സ്ബര്‍ഗ്: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ താമസിച്ചിരുന്ന തെക്കന്‍ ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗിലെ ഭവനം യുക്രൈന്‍ അഭയാര്‍ത്ഥികളുടെ അഭയകേന്ദ്രമാകുന്നു. 2020 ജൂലൈ 1-ന് തന്റെ 96-മത്തെ വയസ്സിലാണ് മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗര്‍ മരണപ്പെടുന്നത്. അതിന് ശേഷം ഈ ഭവനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. യുക്രൈന്റെ തലസ്ഥാനമായ കീവിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്തു നിന്നും ഏതാണ്ട് 80 മൈല്‍ അകലെയുള്ള ഹോരിഷ്നി പ്ലാവ്നിയില്‍ നിന്നുള്ള രണ്ടു കുടുംബങ്ങള്‍ക്കാണ് ഈ ഭവനം ഇപ്പോള്‍ അഭയം നല്‍കിയിരിക്കുന്നതെന്നു കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജര്‍മ്മന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഹോദരന്‍ മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ ഭവനം സന്ദര്‍ശിക്കുകയും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു.
റീഗന്‍സ്ബര്‍ഗ് രൂപതാധ്യക്ഷന്‍ ബിഷപ്പ് റുഡോള്‍ഫ് വോഡെര്‍ഹോള്‍സെര്‍ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും, ദൈവമാതാവിന്റെ രൂപം ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തുവെന്ന് രൂപത അറിയിച്ചു. യുക്രൈന്‍ ഓര്‍ത്തഡോക്സ് വൈദികനായ ഫാ. റുസ്ലാന്‍ ഡെനിസിയൂക്കും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ പത്നി ഹന്നായും, ബോഗ്ദാന്‍, മരിയ, ഇലിയ എന്നീ മൂന്ന്‍ മക്കളും എഴുപത്തിനാലുകാരിയായ അമ്മൂമ്മക്കും പുറമേ, ഫാ. റുസ്ലാന്റെ ഇടവകാംഗമായ ഗലീന ലിസെന്‍കോയും അവരുടെ പതിമൂന്നുകാരിയായ മകള്‍ അലെക്സാണ്ട്രയുമാണ് ഇപ്പോള്‍ ഈ ഭവനത്തില്‍ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഹോറിഷ്നി പ്ലാവ്നി യുക്രൈന് വേണ്ടിയുള്ള പ്രതിരോധത്തില്‍ സഹായിക്കുന്നതിനായി നാട്ടില്‍ തന്നെ തുടരുകയാണ്.
റൊമാനിയ, ഹംഗറി, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ വഴി 1550 മൈല്‍ പിന്നിട്ടാണ് ഈ കുടുംബങ്ങള്‍ ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് വേണ്ട പാത്രങ്ങളും, വസ്ത്രങ്ങളും, വീട്ടു സാധനങ്ങളും കുട്ടികള്‍ക്ക് വേണ്ട കളിപ്പാട്ടങ്ങളും സമീപവാസികള്‍ സമ്മാനിച്ചു. ‘കോളേജിയേറ്റ്സ് മൊണാസ്ട്രി ഓഫ് സെന്റ് ജോണ്‍’ ആണ് മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറിന്റെ ഭവനത്തിന്റെ ഉടമസ്ഥര്‍. കാരിത്താസിന്റെ പ്രാദേശിക ഘടകം വഴിയാണ് ഈ കുടുംബങ്ങള്‍ ഈ ഭവനത്തില്‍ എത്തിയത്. കോള്‍പ്പിംഗ് എന്ന കത്തോലിക്ക സംഘടനയുടെയും, പ്രദേശവാസികളുടെയും സഹായത്തോടെ റീഗന്‍സ്ബര്‍ഗില്‍ കൂടുതല്‍ ഭവനങ്ങള്‍ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കായി സജ്ജമാക്കി വരികയാണ്.
യുദ്ധം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 36 ലക്ഷം ആളുകള്‍ യുക്രൈനില്‍ നിന്നു പലായനം ചെയ്തുവെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സി പറയുന്നത്. 2,00,000-ത്തിലധികം അഭയാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ യുക്രൈനേയും റഷ്യയേയും മാതാവിന്റെ നിര്‍മ്മല ഹൃദയത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ ബിഷപ്പ് വോഡെര്‍ഹോള്‍സെറും പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം റീഗന്‍സ്ബര്‍ഗിലെ കത്തീഡ്രലില്‍ സമാധാനത്തിനായി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷക്കും അദ്ദേഹം നേതൃത്വം വഹിച്ചു. പില്‍ക്കാലത്ത് മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗര്‍ നേതൃത്വം നല്‍കിയിരുന്ന ഗായക സംഘമാണ് പ്രാര്‍ത്ഥന ശുശ്രൂഷയില്‍ ഗാനങ്ങള്‍ ആലപിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക