News
പുതിയ സിറിയൻ സർക്കാർ മന്ത്രി സഭയില്‍ ക്രൈസ്തവ വനിതയും
പ്രവാചകശബ്ദം 31-03-2025 - Monday
ഡമാസ്ക്കസ്: സിറിയയില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ സർക്കാർ മന്ത്രിസഭയില്‍ ഒരേയൊരു ക്രൈസ്തവ വിശ്വാസി. സാമൂഹിക കാര്യ, തൊഴിൽ മന്ത്രിയായി നിയമിതയായ ഹിന്ദ് കബാവത്താണ് രാജ്യത്തെ പുതിയ ഭരണകൂടത്തിലെ ഏക ക്രൈസ്തവ വിശ്വാസി. ഇസ്ളാമിക നിലപാടുള്ള പുതിയ സർക്കാരിൽ നിയമിക്കപ്പെട്ട ഒരേയൊരു വനിതയും ഹിന്ദാണ്. ഗ്രീക്ക് കത്തോലിക്ക - ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളായ ഹിന്ദ് അബൗദ് അഭിഭാഷക, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ദ്ധ എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരിന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളിലേക്ക് നിയമിക്കപ്പെട്ടവരില്‍ ഇടം നേടിയ ഏക ക്രൈസ്തവ വനിതയും ഹിന്ദ് കബാവത്തായിരിന്നു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%-ൽ താഴെ മാത്രമാണ് ക്രൈസ്തവര്‍. നേരത്തെ ക്രൈസ്തവരെ സംരക്ഷിക്കുന്നുവെന്ന ബാഷര്‍ ആസാദിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞും എതിര്‍ത്തും സ്വരമുയര്‍ത്തിയ നേതാവാണ് ഹിന്ദ്. സിറിയൻ ഭരണകൂടത്തിന്റെ വാദത്തെ കബാവത്ത് വർഷങ്ങളായി എതിർത്തിരിന്നു.
2016-ല്‍ "ബഷർ അൽ-അസദ് ക്രൈസ്തവരുടെ സംരക്ഷകനല്ല" എന്ന പേരില്‍ എഴുതിയ ലേഖനം ചര്‍ച്ചയായിരിന്നു. സമീപ വർഷങ്ങളിൽ സംഘർഷങ്ങളും അതിക്രമങ്ങളും മൂലം തകർന്ന സിറിയയിലെ മതാന്തര സംവാദം, മധ്യസ്ഥ ചര്‍ച്ചകള്‍, സമാധാനം, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കു വേണ്ടി ഹിന്ദ് നിരന്തരമായ ഇടപെടലുകള്‍ നടത്തി. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ക്രൈസ്തവരെ സംരക്ഷിക്കുമെന്ന വാഗ്ദാനം ഉണ്ടെങ്കിലും ഭരണകൂടത്തിന്റെ മുന്നോട്ടുള്ള നയങ്ങളെ കുറിച്ചുള്ള ആശങ്ക ക്രൈസ്തവര്‍ക്ക് ഇടയില്‍ സജീവമാണ്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
