News

വത്തിക്കാൻ ന്യൂസിന്റെ സേവനം 56 ഭാഷകളിൽ

പ്രവാചകശബ്ദം 03-04-2025 - Thursday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങളും ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ആഗോള സമൂഹത്തിന് ലഭ്യമാക്കുന്ന വത്തിക്കാൻ ന്യൂസിന്റെ സേവനം ഇനി 56 ഭാഷകളിൽ. ഏതാണ്ട് ഒരുകോടിയോളം ആളുകളുള്ള അസർബൈജാനിലെ ഭാഷയായ അസർബൈജാനിയിലും വത്തിക്കാൻ ന്യൂസ് സേവനമാരംഭിച്ചു. ജീവിക്കുന്ന ശിലകൾകൊണ്ട് പണി ചെയ്യപ്പെട്ട സഭയെ പടുത്തുയർത്തുന്നതിൽ എല്ലാ ഭാഷകളും പ്രധാനപ്പെട്ടതാണെന്ന് വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രീഫെക്ട് പൗളോ റുഫീനി പറഞ്ഞു.

അസർബൈജാൻ സന്ദർശിച്ച പ്രഥമ മാര്‍പാപ്പയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഇരുപതാം മരണവാർഷികദിനമായ ഇന്നലെ ഏപ്രിൽ രണ്ടിനാണ് വത്തിക്കാൻ ന്യൂസ് അസർബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്. 2002 മെയ് 23ന് അസർബൈജാനിലെ ബാകുവിൽ സുവിശേഷപ്രഘോഷണം നടത്തവേ, രാജ്യത്തെ ചെറിയൊരു സമൂഹം മാത്രമാണെങ്കിലും പൊതുസമൂഹത്തിന്റെ പുളിമാവും ആത്മാവുമായിരിക്കണം ക്രൈസ്തവ സമൂഹമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ പറഞ്ഞിരുന്നുവെന്ന് അസർബൈജാൻ അപ്പസ്തോലിക പ്രീഫെക്ട് ബിഷപ്പ് വ്ളാഡിമിർ ഫെക്കത്തെ അനുസ്മരിച്ചു.



അസർബൈജാനിലെ കത്തോലിക്കരിൽ ഭൂരിഭാഗവും മറ്റു ഭാഷകൾ സംസാരിക്കില്ലെന്നും സഭാപരമായ കാര്യങ്ങൾക്ക് വിശ്വസനീയമല്ലാത്ത പല ഉറവിടങ്ങളെയും ആശ്രയിക്കേണ്ട ഗതിയിലാണ് അവർ ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിശുദ്ധ പിതാവിന്റെയും, ആഗോളസഭയുടെയും ശരിയായ വിവരങ്ങൾ സ്വന്തം ഭാഷയിൽ ലഭിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് ഫെക്കത്തെ എടുത്തുപറഞ്ഞു. രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തു ജീവിക്കുന്ന ലക്ഷകണക്കിന് ജനങ്ങളും സംസാരിക്കുന്നതാണ് അസർബൈജാനി ഭാഷ.

ലക്ഷങ്ങള്‍ക്ക് പാപ്പയുമായും ആഗോളസഭയുമായുമുള്ള ബന്ധത്തിന് സഹായകരമായി മാറുന്ന ഒരു ശ്രമമാണിതെന്ന് വത്തിക്കാൻ റേഡിയോ, വത്തിക്കാൻ ന്യൂസ് എന്നിവയുടെ മേധാവിയും, എഡിറ്റോറിയൽ അസിസ്റ്റന്റ് ഡയറക്ടറുമായ മാസ്സിമിലിയാനോ മെനിക്കെത്തി അഭിപ്രായപ്പെട്ടു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ നാല് ഇന്ത്യൻ ഭാഷകളിലും പാപ്പായുടെയും ആഗോളസഭയുടെയും വാർത്തകൾ വത്തിക്കാൻ ന്യൂസ് നൽകിവരുന്നുണ്ട്. https://www.vaticannews.va/ml.html എന്ന വെബ് പേജിലും, വത്തിക്കാൻ റേഡിയോയിലും (SW 17790 Khz, 16.86 m), Vatican News - Malayalam എന്ന ഫേസ്ബുക് പേജിലും വത്തിക്കാനിൽനിന്ന് മലയാളത്തിൽ നൽകിവരുന്ന വാർത്തകൾ ലഭ്യമാണ്.


Related Articles »