News - 2025
അമേരിക്കയിൽ കത്തോലിക്ക പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം
പ്രവാചകശബ്ദം 05-04-2025 - Saturday
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക്ക് സിറ്റിയിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകയുമായി വീഡിയോ അഭിമുഖം നടത്തുന്നതിനിടെ കത്തോലിക്കാ പ്രോ-ലൈഫ് ആക്ടിവിസ്റ്റായ സവാന ക്രാവനു നേരെ ആക്രമണം ഉണ്ടാകുകയായിരിന്നു. ചർച്ചയ്ക്കിടെ കോപാകുലയായ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന വ്യക്തി മുഖത്തിനിട്ട് അടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
തന്നെ ആക്രമിച്ച സ്ത്രീ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടിൽ ആവേശഭരിതയായിരുന്നുവെന്ന് സവാന വെളിപ്പെടുത്തി. വർഷങ്ങളായി പ്രോലൈഫ് വക്താവായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സവാനാ. സവാനയുടെ ഭർത്താവ് ഹെൻറിയാണ് ഗര്‍ഭഛിദ്ര അനുകൂല നിലപാടുള്ള സ്ത്രീയിൽ നിന്നു കൂടുതൽ ആക്രമണങ്ങളിൽ നിന്ന് അവളെ രക്ഷപ്പെടുത്തിയത്. ദമ്പതികൾ പോലീസിനെ വിളിച്ചെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല.
പ്രോലൈഫ് സംഘടനയായ ലൈവ് ആക്ഷൻ പ്രസിഡന്റ് ലില റോസ് ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചു പ്രതിഷേധം അറിയിച്ചിട്ടുണ്ട്. റോസ് പങ്കിട്ട മറ്റൊരു ഒരു ചിത്രത്തിൽ ആക്രമണത്തിന് ശേഷം സവാനയുടെ മുഖത്ത് നിന്ന് രക്തം ഒഴുകിയതു ദൃശ്യമാണ്. തുന്നലുകൾ ഉണ്ടെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും സവാന ആന്റാവോ വ്യാഴാഴ്ച രാത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു.
