News - 2025
മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി; വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു
പ്രവാചകശബ്ദം 05-04-2025 - Saturday
വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമജീവിതം തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി. ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം ഇന്നലെ വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ ശ്വസന -ചലന സംബന്ധമായ കാര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ട്. രോഗാണുബാധയെ സംബന്ധിച്ച സൂചകങ്ങളില്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനകളില്‍ വ്യക്തമായിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
മരുന്ന് ചികിത്സ, ചലന-ശ്വസന ചികിത്സ എന്നിങ്ങനെ വിവിധതരം ചികിത്സകൾ തുടരുന്നു. ഓക്സിജൻ നല്കുന്നത് നേരിയതോതിൽ കുറച്ചിട്ടുണ്ട്. പകൽ സമയത്ത് സാധാരണ രീതിയിലും രാത്രിയിൽ ആവശ്യമായി വരുന്ന പക്ഷം ഉയർന്ന പ്രവാഹത്തോടെയും ഓക്സിജൻ നല്കുന്നുണ്ട്. പാപ്പയുടെ ജോലിസംബന്ധമായ കാര്യങ്ങൾ നിര്‍വ്വഹിക്കുന്നുണ്ടെന്ന് വാർത്താകാര്യാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്നലെ വെള്ളിയാഴ്ച പോൾ ആറാമൻ ഹാളില്‍ പേപ്പല്‍ പ്രഭാഷകന്‍ ഫാ. റൊബേർത്തൊ പസോളീനി നടത്തിയ നോമ്പുകാലധ്യാന പ്രസംഗം, പാപ്പ, ദൃശ്യമാദ്ധ്യമത്തിലൂടെ ശ്രവിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ രണ്ടാം ജോൺപോൾ മാർപാപ്പയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അർപ്പിച്ച ദിവ്യബലിയിലും ഓണ്‍ലൈനായി ഫ്രാന്‍സിസ് പാപ്പ പങ്കുചേര്‍ന്നിരിന്നു. അതേസമയം വിശുദ്ധവാര തിരുക്കർമ്മങ്ങളില്‍ പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഫെബ്രുവരി 14-ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് റോമിലെ അഗസ്തീനോ ജെമല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പ മുപ്പത്തിയെട്ടു ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ട് വത്തിക്കാനിൽ തിരിച്ചെത്തിയത്.
