News
ഒഡീഷയിൽ കത്തോലിക്ക വൈദികര്‍ക്ക് ക്രൂര മര്‍ദ്ദനം; അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
പ്രവാചകശബ്ദം 05-04-2025 - Saturday
ജൂബ (ഒഡീഷ): കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയില്‍ മലയാളി ഉള്‍പ്പെടെ 2 കത്തോലിക്ക വൈദികര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ബെർഹാംപൂർ രൂപതയ്ക്ക് കീഴിലുള്ള ജൂബയിലെ ഔർ ലേഡി ഓഫ് ലൂർദ് ഇടവകയിൽ നടന്ന അക്രമ സംഭവത്തിന്റെ വാര്‍ത്ത ഒഡിയ ചാനലായ സമർത്ഥ ന്യൂസ് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. മലയാളി വൈദികനായ ഫാ. ജോഷി ജോര്‍ജ്ജും ഫാ. ദയാനന്ദുമാണ് ആക്രമണത്തിന് ഇരയായത്. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ദേവാലയ പരിസരത്ത് കയറി പള്ളിയിലും പരിസരത്തും ഉണ്ടായിരിന്നവരെ മർദിക്കാൻ തുടങ്ങുകയായിരിന്നുവെന്ന് ഫാ. ജോഷി പറയുന്നു.
ഞായറാഴ്ച കുർബാനയ്ക്ക് ഒരുക്കമായി പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്ന ഏതാനും പെൺകുട്ടികളെ ജോഷ്ന റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദ്യം മർദ്ദിച്ചു. സഹായം അഭ്യർത്ഥിച്ചുകൊണ്ട് മൂന്ന് പെൺകുട്ടികൾ വൈദിക മുറിയിലേക്ക് ഓടിക്കയറി. ഫാ. ജോർജും സഹായി ഫാ. ദയാനന്ദ് നായക്കും അവരുടെ മുറികളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസ് അവരെ മർദ്ദിച്ചു. വൈദികരെ വലിച്ചിഴച്ചു കൊണ്ടുപോകുകയും അപമാനിക്കുകയും ചെയ്തതായി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കഞ്ചാവ് വേട്ട എന്ന മറയില്‍ എത്തിയ പോലീസ് വൈദികര്‍ക്ക് നേരെ മതപരിവര്‍ത്തനം ആരോപിക്കുകയായിരിന്നു.
പാക്കിസ്ഥാനില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇവിടെ വന്നിരിക്കുകയാണെന്നും അവർക്കിടയിൽ മോശം പഠിപ്പിക്കലുകൾ നടത്തുകയാണെന്നുമുള്ള ആക്രോശത്തോടെയായിരിന്നു ആക്രമണം. തങ്ങള്‍ ആരെയും മതം മാറ്റിയിട്ടില്ലെന്നും ദരിദ്രർക്ക് വിദ്യാഭ്യാസം മാത്രമാണ് നൽകുന്നതെന്നു പറഞ്ഞുവെങ്കിലും പോലീസ് പിന്‍വാങ്ങിയില്ല. പോലീസ് സംഘം ഫാ. ജോഷിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മുറിയിൽ നിന്ന് 40,000 രൂപ തട്ടിയെടുത്തുവെന്നും ഒഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. നായക്കിന്റെ ജന്മദിനത്തിലായിരിന്നു ആക്രമണം. നായക്കിനെ അന്ന് വൈകുന്നേരം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ഭയം കാരണം കഴിഞ്ഞില്ലായെന്നും ഫാ. ജോർജ് സമർത്ഥ ന്യൂസ് ചാനലിനോട് പറഞ്ഞു.
വൈദികർ ഉൾപ്പെടെയുള്ള കത്തോലിക്കർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ആക്രമണം ദൗർഭാഗ്യകരവും നീതീകരിക്കാനാവാത്തതുമാണെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. സംഭവം പോലീസിലും സാധാരണക്കാരിലും അവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഫാ. റോഡ്രിഗസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ബിജെപിയാണ് ഒഡീഷ ഭരിക്കുന്നത്.
