News - 2025

കഴിഞ്ഞ ദിവസവും ഫ്രാന്‍സിസ് പാപ്പ തങ്ങളെ ഫോണിൽ വിളിച്ചു; നന്ദിയോടെ ഗാസ ഇടവക

പ്രവാചകശബ്ദം 10-04-2025 - Thursday

ഗാസ: രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്കിടെ തങ്ങളെ വിളിച്ച് സാന്ത്വനം പകരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദിയോടെ ഗാസയിലെ കത്തോലിക്ക ഇടവക. കഴിഞ്ഞ ദിവസങ്ങളിലും ഫ്രാൻസിസ് പാപ്പ തങ്ങളെ ഫോണിൽ വിളിച്ചുവെന്നും, സമാധാനത്തിനായുള്ള പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. രണ്ടു മാസത്തോളമായി ചികിത്സയിൽ തുടരുന്ന പാപ്പ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലേക്ക് തിരികെയെത്തിയതിന് ശേഷം ഗാസയിലെ ഇടവകയിലേക്ക് വിളിച്ചുവെന്നറിയിച്ച ഇടവകവികാരി, പരിശുദ്ധ പിതാവ് തങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാണെന്നതിൽ നന്ദിയുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെത്തിയ പാപ്പയെ കാണാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഗാസ വികാരി, ഇപ്പോഴും ഗാസയിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും, എന്നാൽ, പാപ്പയുടെ സാമീപ്യവും പ്രാർത്ഥനയും തങ്ങൾക്കൊപ്പമുണ്ടെന്നത് തങ്ങൾക്ക് സന്തോഷം പകരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള സായുധസംഘർഷങ്ങൾ തുടരുന്നിടത്തോളം, സമാധാനം അസാധ്യമായി തുടരും. ഗാസയിലെ ജീവിതം ചിന്തിക്കാനാകുന്നതിലുമപ്പുറം ദുർഘടമാണെന്ന് ഫാ. റൊമനെല്ലി വ്യക്തമാക്കി.

ഇടവകയിലെ അഞ്ഞൂറ് അഭയാർത്ഥികളും ഇടവകയോടടുത്ത് താമസിക്കുന്ന ഇസ്ലാം മത വിശ്വാസികളും നിലവിൽ സുരക്ഷിതരാണെന്നും, എന്നാൽ ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെയുള്ള വസ്തുക്കൾ കുറഞ്ഞുവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗാസ ഒരു തടവറയായി മാറിക്കഴിഞ്ഞു. ഇടവകയ്ക്കടുത്തുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ നൂറുകണക്കിന് ആളുകളെ തങ്ങൾ സഹായിക്കുന്നുണ്ട്. ഏവർക്കും സമാധാനത്തിന്റെ ഒരു ഉപകരണമായി മാറാൻ ഈ ഇടവക ശ്രമിക്കുന്നുണ്ടെന്നും മനുഷ്യരുടെ അവകാശങ്ങൾ മാനിക്കപ്പെടണമെന്നും, ഇവിടെയുള്ള ഇരുപത്തിമൂന്ന് ലക്ഷത്തോളം പലസ്തീൻകാരും മനുഷ്യനാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.




Related Articles »