News - 2025

പാന്‍റ്സും ഷാളും ധരിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

പ്രവാചകശബ്ദം 11-04-2025 - Friday

വത്തിക്കാന്‍ സിറ്റി: ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമവും ചികിത്സയും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ രണ്ടാം തവണയും വിശ്വാസികള്‍ക്ക് മുന്നില്‍ എത്തി. ഇന്നലെ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വീൽചെയറിൽ അപ്രതീക്ഷിതമായി എത്തുകയായിരിന്നു. സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ വീഡിയോ ദൃശ്യങ്ങളില്‍ തന്റെ പതിവ് വേഷമല്ല പാപ്പ ധരിച്ചിരിക്കുന്നത്. വെളുത്ത കസോക്കും തൊപ്പിയും ഇല്ലാതെ ഇരുണ്ട പാന്റും വരയുള്ള ഷാളും ധരിച്ചാണ് ബസിലിക്കയിലേക്ക് വീല്‍ ചെയര്‍ മുഖാന്തിരം പാപ്പ ആപ്രതീക്ഷിതമായി വന്നെത്തിയത്.

ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് നിരവധി പേര്‍ തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് പാപ്പ ദേവാലയത്തിലൂടെ കടന്നുപോയത്. വിശുദ്ധ പയസ് പത്താമന്റെ ശവകുടീരത്തിനു സമീപം അദ്ദേഹം അല്പസമയം മൗനമായി ഇരുന്നു. ബസിലിക്കയിൽ സന്നിഹിതരായിരുന്ന നിരവധി വിശ്വാസികളെയും വിനോദസഞ്ചാരികളെയും, സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരെയും അഭിവാദ്യം ചെയ്യാനും അദ്ദേഹം സന്ദര്‍ശനം ഉപയോഗിച്ചു. സന്ദർശനത്തിനുശേഷം, പാപ്പ കാസ സാന്താ മാർത്തയിലെ തന്റെ വസതിയിലേക്ക് പിന്‍വാങ്ങി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും വരും ദിവസങ്ങളില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.


Related Articles »