News
കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്
പ്രവാചകശബ്ദം 12-04-2025 - Saturday
കോഴിക്കോട്: നൂറ്റിരണ്ട് വര്‍ഷത്തെ പാരമ്പര്യമുള്ള കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം. നിലവിലെ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായായും ഉയര്‍ത്തി. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും രൂപതാസ്ഥാനത്തും അല്‍പ്പം മുന്‍പ് നടന്നു.
1878-ൽ, പയസ് ഒൻപതാമൻ മാർപാപ്പ ഇന്നത്തെ മംഗലാപുരം, കണ്ണൂർ, കോഴിക്കോട് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ മലബാറിലെ വികാരിയേറ്റ് അപ്പസ്തോലിക്കിൽ നിന്ന് വേർപെടുത്തി ഇറ്റലിയിലെ വെനീസിലെ ജെസ്യൂട്ട് മിഷ്നറിമാര്‍ക്ക് കൈമാറിയിരിന്നു. പിന്നീട് 1923-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ എന്നിവയുടെ ഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച ഒരു പ്രത്യേക രൂപതയായി കോഴിക്കോട് രൂപത സ്ഥാപിക്കുകയായിരിന്നു.
1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു. 1998ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ൽ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി), ഇന്ത്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കൽ, നിലവിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെആർഎൽസിബിസി) അധ്യക്ഷന്‍ കൂടിയാണ്.
നിയുക്ത ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പിതാവിന് 'പ്രവാചകശബ്ദ'ത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍.
