News - 2025
കോഴിക്കോട് അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം; ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
പ്രവാചകശബ്ദം 30-06-2025 - Monday
റോം: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലയ്ക്കൽ, മാർപാപ്പ ലെയോ പതിനാലാമനിൽ നിന്ന് പാലിയം സ്വീകരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.30ന് നടന്ന തിരുക്കർമ്മങ്ങളുടെ മധ്യേയാണ് വിശിഷ്ടമായ ചടങ്ങ് നടന്നത്. കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കോഴിക്കോട് രൂപതയിലെ വൈദിക പ്രതിനിധികൾ തുടങ്ങിയവർ പാലിയം സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പാപ്പയുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാൻ സഭ നൽകിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം. വെളുത്ത ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിർമിക്കുന്നതും കഴുത്തിൽ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ് ഇത്. ചുവപ്പു നിറത്തിലുള്ള അഞ്ചു ചെറിയ കുരിശുകളും മുന്ന് ആണികളും ഇതിൽ തുന്നിച്ചേർത്തിരിക്കുന്നു. ഇത് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്നു. ഡോ. വർഗീസ് ചക്കാലയ്ക്കലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പുമാരും മാർപാപ്പയിൽനിന്ന് പാലിയം സ്വീകരിച്ചു.
