News - 2025

വത്തിക്കാനില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കാന്‍ 3 കര്‍ദ്ദിനാളുമാരെ പാപ്പ നിയമിച്ചു

പ്രവാചകശബ്ദം 16-04-2025 - Wednesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലെ വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളുമാരെ നിയമിച്ചു. പെസഹ വ്യാഴം, ദുഃഖവെള്ളി ആരാധനക്രമ അനുഷ്ഠാനങ്ങളിലും ബലിയര്‍പ്പണത്തിനും കുരിശിന്റെ വഴിയ്ക്കും കാര്‍മ്മികത്വം വഹിക്കുവാനാണ് ഫ്രാൻസിസ് മാർപാപ്പ മൂന്ന് കർദ്ദിനാൾമാരെ നിയോഗിച്ചിട്ടുള്ളതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ ഇന്നലെ പറഞ്ഞു. ബൈലാറ്ററല്‍ ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പ പൂര്‍ണ്ണമായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തതിനാലാണ് നിയമനമെന്ന് നിരീക്ഷിക്കപ്പെടുന്നു.

പെസഹ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ തൈലം വെഞ്ചരിക്കുന്ന വിശുദ്ധ കുർബാന അർപ്പിക്കാൻ ഇറ്റാലിയൻ കർദ്ദിനാൾ ഡൊമെനിക്കോ കാൽകാഗ്നോയെയാണ് നിയോഗിച്ചിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാൻ ബസിലിക്കയിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാത്രി കൊളോസിയത്തിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കു റോമിലെ വികാരി ജനറൽ കർദ്ദിനാൾ ബാൽദസാരെ റെയ്‌ന നേതൃത്വം നൽകും. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പ എഴുതിയ ധ്യാന ചിന്തകളാണ് കുരിശിന്റെ വഴിയില്‍ പങ്കുവെയ്ക്കുക.

കഴിഞ്ഞ ഏപ്രിൽ 13 ഓശാന ഞായറാഴ്ച നടന്ന ദിവ്യബലിയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയിരിന്നു. എന്നാല്‍ വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും ഈസ്റ്റർ ആരാധനക്രമങ്ങളിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. അതാത് ദിവസത്തെ ആരോഗ്യ സാഹചര്യം പരിഗണിച്ചായിരിക്കും പാപ്പയുടെ സാന്നിദ്ധ്യമുണ്ടാകുക എന്നാണ് സൂചന. ആശുപത്രിയിൽ നിന്ന് മോചിതനായി മൂന്ന് ആഴ്ച ആകാനിരിക്കെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു.




Related Articles »