News - 2025

വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളർക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു നോക്കാം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 19-04-2025 - Saturday

കുരിശിലെ മൂന്നു മണിക്കൂർ പീഡാസഹനത്തിനൊടുവിൽ ഈശോ ജീവൻ വെടിഞ്ഞു. ഈശോ കുരിശിൽ മരിക്കുമ്പോൾ അസാധാരണമായ സംഭവങ്ങൾ പ്രപഞ്ചത്തിൽ സംഭവിച്ചു. "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്‌ധകാരം വ്യാപിച്ചു.(മത്തായി 27 : 45) അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.(മത്താ 27 : 51) ഈശോയുടെ മരണം വഴി പഴയ ഉടമ്പടി മാറി പുതിയ ഉടമ്പടി ഉദയം ചെയ്തു. ബലിയർപ്പകനും ബലിവസ്തുവുമായ ഈശോയുടെ കുരിശിലെ മരണത്തിലൂടെ പുതിയ ഉടമ്പടി മുദ്ര വയ്ക്കുന്നു.

ദുഃഖവെള്ളി സായാഹ്നത്തിൽ മൃതദേഹങ്ങൾ കുരിശിൽ നിന്ന് ഇറക്കേണ്ടത് യഹൂദരുടെ ആവശ്യമായിരുന്നു. "അത്‌ സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത്‌ ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട്‌ ആവശ്യപ്പെട്ടു (യോഹ19 : 31)

രണ്ടു കള്ളന്മാരുടെയും കാലുകൾ പടയാളികൾ തകർത്തു. ഈശോ അപ്പോഴേക്കും മരിച്ചിരുന്നതിനാൽ പട്ടാളക്കാരിൽ ഒരാൾ കുന്തം കൊണ്ട് കുത്തി. ഈ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിച്ച ഈശോയുടെ പ്രിയ ശിഷ്യൻ യോഹന്നാൻ ഇപ്രകാരം കുറിച്ചു "എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു." (യോഹ 19 : 34).

ഈ സംഭവത്തിന് സഭയുടെ കൗദാശിക ജീവിതവുമായി ധാരാളം ബന്ധമുണ്ട്.

വിശുദ്ധ ആഗസ്തീനോസിൻ്റെയും മറ്റു ക്രിസ്ത്യൻ പാരമ്പര്യവുമനുസരിച്ച് ഈശോയുടെ പിളർക്കപ്പെട്ട വിലാവിൽ നിന്നാണ് സഭയും വിശുദ്ധ കൂദാശകളും ഉത്ഭവിക്കുന്നത്. അവിടെ പുതു ജീവിതത്തിന്റെ കവാടം തുറക്കപ്പെട്ടു, അവിടെ നിന്ന് കൃപാ സരണികളുടെ നീർച്ചാൽ സഭയിലേക്ക് വഴി ഒഴുകി ഇറങ്ങുന്നത്. കൂദാശകൾ ഇല്ലാതെ ഒരു വിശ്വാസിക്കു യഥാർത്ഥ ജീവിതത്തിൽ പ്രവേശിക്കുവാനും നിലനിൽക്കുവാനും കഴിയുകയില്ല.

ക്രൂശിക്കപ്പെട്ട ഈശോയുടെ തുറന്ന പാർശ്വത്തിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവും സഭയുടെ ഉത്ഭവവും വളർച്ചയും സൂചിപ്പിക്കുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയും പഠിപ്പിക്കുന്നു. ഈശോയുടെ മരണം സഭയിലൂടെ നമുക്ക് ലഭിക്കാനിരുന്ന അലൗകീകമായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ഈശോയുടെ തിരുമുറിവുകളിലുള്ള ധ്യാനാത്മക ജീവിതത്തെക്കുറിച്ച് വേദപാരംഗതനായ വിശുദ്ധ ബൊനവെഞ്ചർ ഇപ്രകാരം പറയുന്നു. "ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ കരങ്ങളിൽ; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവിൽ. അവിടെ വിശ്രമിക്കാനും പ്രാർത്ഥിക്കാനും ഉറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഞാൻ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാൻ ചോദിക്കുന്നതെല്ലാം അവൻ എനിക്ക് നൽകും. ഓ, നമ്മുടെ പരിശുദ്ധ വീണ്ടെടുപ്പുകാരന്റെ മുറിവുകൾ എത്ര പ്രിയപ്പെട്ടതാണ്! ... അവയിൽ ഞാൻ ജീവിക്കുന്നു, അവയടെ പ്രത്യേക വിഭവങ്ങളിൽ നിന്ന് എനിക്ക് പോഷണം ലഭിക്കുന്നു." - സഭയിലെ വിശുദ്ധ കൂദാശകൾ നൽകുന്ന കൃപാവരങ്ങളെക്കുറിച്ചാണ് ഈ വാക്കുകൾ.

വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളർക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു ഒരിക്കൽക്കൂടി നോക്കാം. അവിടുത്തെ ഹൃദയത്തിന്റെ സാമീപ്യത്തിൽ നമുക്കു അഭയം തേടാം. ക്രൂശിതന്റെ മുറിവേറ്റ വിലാവിൽ തല ചായ്ച്ചു നമുക്കു പ്രാർത്ഥിക്കാം, ഏറ്റവും ദയയുള്ള ഈശോയെ, എന്റെ പ്രാർത്ഥന കേൾക്കേണമേ! നിന്റെ മുറിവുകൾക്കുള്ളിൽ എന്നെ മറയ്ക്കുക, എന്നെ നിന്നോട് അടുപ്പിക്കുക. ദുഷ്ട ശത്രുവിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. നിന്റെ വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് എന്റെ മരണസമയത്ത് എന്നെ വിളിക്കുക അങ്ങനെ ഞാൻ നിത്യതയിൽ അവരോടൊപ്പം നിന്റെ സ്തുതി പാടട്ടെ. ആമ്മേൻ


Related Articles »