News - 2025
12 ദിവസം മുന്‍പ് ഫ്രാന്‍സിസ് പാപ്പയെ കണ്ടു; അനുശോചനവുമായി ബ്രിട്ടീഷ് രാജകുടുംബം
പ്രവാചകശബ്ദം 21-04-2025 - Monday
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ അനുസ്മരണവും അനുശോചനവുമായി ബ്രിട്ടീഷ് രാജകുടുംബം. ദൃഢനിശ്ചയത്തോടെ സഭയെ സേവിച്ച പാപ്പയുടെ വേര്‍പാടില്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ബക്കിംഗ്ഹാം പാലസ് പ്രസ്താവിച്ചു. ഈ മാസം ഒൻപതിന് ചാൾസ് രാജാവും ഭാര്യ കാമിലാ രാജ്‌ഞിയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന സ്വകാര്യ കൂടിക്കാഴ്‌ചയിൽ മാർപാപ്പ ഇരുവർക്കും ഹസ്‌തദാനം നൽകുകയും വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു.
ഫ്രാൻസിസ് പാപ്പയുടെ അനുകമ്പ, ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിനായുള്ള കരുതൽ, പൊതുവായ കാര്യങ്ങളിലെ അശാന്തമായ പ്രതിബദ്ധത, ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ഫ്രാൻസിസ് മാർപാപ്പയെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണെന്ന് ചാൾസ് രാജാവിനു വേണ്ടി ബ്രിട്ടനിലെ ബക്കിങ്ങാം കൊട്ടാരം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഫ്രാന്‍സിസ് പാപ്പ രോഗാവസ്ഥയിലായി ആശുപത്രിയില്‍ നിന്നു വത്തിക്കാനിലേക്ക് മടങ്ങിയതിന് ശേഷം കൂടിക്കാഴ്ച നടത്തുവാന്‍ അവസരം ലഭിച്ച വിരലില്‍ എണ്ണാവുന്ന ലോക നേതാക്കളിലാണ് ബ്രിട്ടീഷ് രാജകുടുംബവും ഉള്‍പ്പെട്ടിരിന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ വസതിയായ സാന്താ മാർത്തയിലെത്തിയാണ് ചാൾസ് രാജാവും കാമില രാജ്ഞിയും കൂടിക്കാഴ്ച നടത്തിയത്. ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ തന്നെ മാർപാപ്പയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച ഇരുവരും മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. ചാൾസ് രാജാവിനോട് ഇതേ ആശംസ തന്നെയാണ് ഫ്രാൻസിസ് മാർപാപ്പയും പങ്കുവെച്ചത്.
