News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമം മേരി മേജർ ബസിലിക്കയിലെന്ന് സൂചന
പ്രവാചകശബ്ദം 22-04-2025 - Tuesday
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമമൊരുക്കുന്നത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കുമെന്ന് സൂചന. തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ 2022-ല്‍ എഴുതിയ മരണപത്രത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഈ പതിവിന് വിരാമമിട്ടുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ 2022-ല്‍ തന്റെ മരണപത്രം എഴുതിയത്.
റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിന് ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നും മാർപാപ്പയുടെ കുറിപ്പിൽ പറയുന്നു. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാൽ മതിയെന്നും വത്തിക്കാൻ പുറത്തുവിട്ട പാപ്പയുടെ മരണപത്രത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്. ലൈബീരിയൻ ബസിലിക്കയുടെ കമ്മീഷണറായ കർദ്ദിനാൾ റോളാൻഡാസ് മാക്രിക്കാസിന് ഞാൻ ഇതുസംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാപ്പ മരണപത്രത്തില്‍ കുറിച്ചിരിന്നു. ഇന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം വത്തിക്കാന്‍ പുറത്തുവിട്ടത്.
.
തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്.
