News
ആഘോഷങ്ങള്‍ റദ്ദാക്കി, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ദുഃഖാചരണം; മൃതസംസ്കാര ചടങ്ങിലേക്ക് ലോക നേതാക്കള്‍ എത്തും
പ്രവാചകശബ്ദം 22-04-2025 - Tuesday
പാരിസ്: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അനുശോചന പ്രവാഹം. വിവിധ രാജ്യങ്ങളിലെ രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ ലോകമെമ്പാടും നിന്നു വിശ്വനേതാവായ പാപ്പയെ അനുസ്മരിച്ച് സന്ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മാർപാപ്പയോടുള്ള ആദരസൂചകമായി ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ചു. ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദുഃഖാചണത്തിൻ്റെ ഭാഗമായി വൈറ്റ് ഹൗസ് ഉൾപ്പെടെ അനേകം രാജ്യങ്ങളുടെ ഭരണാസിര കേന്ദ്രങ്ങളില്‍ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം കായികമത്സരങ്ങളും ഇന്നലെ മാറ്റിവെച്ചിരിന്നു.
സമാധാനത്തിനും, മാനുഷിക അന്തസ്സിനും, സാമൂഹിക നീതിക്കും വേണ്ടിയുള്ള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടവരോ അല്ലെങ്കിൽ സംഘർഷത്തിന്റെ ഭീകരതയിൽ കുടുങ്ങിപ്പോയവരോ ആയ അനേകരെ വിശ്വാസത്തിന്റെയും സേവനത്തിന്റെയും അനുകമ്പയുടെയും പാരമ്പര്യത്തിലൂടെ അദ്ദേഹം ചേര്‍ത്തുപിടിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പാപ്പയുടെ ജന്മനാടായ അർജൻ്റീനയിൽ ഒരാഴ്‌ചത്തെ ദുഃഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും. മറ്റ് ലോക രാജ്യങ്ങളിലും രണ്ടു ദിവസത്തില്‍ കുറയാത്ത ദുഃഖാചരണത്തിന് ഭരണാകര്‍ത്താക്കള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളും ചടങ്ങില്‍ ഭാഗഭാക്കാകും. ഇതിനിടെ വത്തിക്കാനിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകീട്ട് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ജപമാലയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
