News
പൊതുദര്‍ശനത്തിന് അവസരം മറ്റന്നാള്‍ വരെ; മൃതശരീരം സൂക്ഷിച്ച പെട്ടി വെള്ളിയാഴ്ച രാത്രി സീല്‍ ചെയ്യും
പ്രവാചകശബ്ദം 23-04-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം കണ്ട് ആദരാഞ്ജലി അര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വെള്ളിയാഴ്ച വരെ അവസരം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി വെള്ളിയാഴ്ച രാത്രി സീല്‍ ചെയ്യും. അന്നേ ദിവസം വൈകുന്നേരം വരെ പൊതുജനങ്ങൾക്ക് കാണാനും പ്രാർത്ഥിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അവസരമുണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 7 വരെയായിരിക്കും പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി അന്നേ ദിവസം രാത്രി എട്ടുമണിയോടെ കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലായിരിക്കും പെട്ടിഅടയ്ക്കുക.
റോമൻ മാര്‍പാപ്പയുടെ മൃത സംസ്‌കാര ചടങ്ങുകളുടെ ക്രമമായ "ഓർഡോ എക്‌സെക്വിയാറം റൊമാനി പൊന്തിഫിസിസ്" പ്രകാരമുള്ള പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഈ സ്വകാര്യ ചടങ്ങ് നടക്കുകയെന്ന് പൊന്തിഫിക്കൽ ലിറ്റർജിക്കൽ സെലിബ്രേഷൻസ് മാസ്റ്റർ മോൺസിഞ്ഞോർ ഡീഗോ റാവെല്ലി വ്യക്തമാക്കി. ശനിയാഴ്ച ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാര ദിവ്യബലി ആരംഭിക്കും. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റ മുഖ്യകാർമ്മികനായിരിക്കും.
വിശുദ്ധ കുർബാനയുടെ അവസാനം അന്തിമോപചാര ശുശ്രൂഷനടക്കും. പിന്നാലേ ഫ്രാൻസീസ് പാപ്പായുടെ ഭൗതികദേഹം അടങ്ങിയ മഞ്ചം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലേക്കും അവിടെ നിന്ന്, തൻറെ ഐഹികയാത്ര അവസാനിക്കേണ്ട ഇടമെന്ന് ഫ്രാൻസിസ് പാപ്പ ഒസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്ന, റോമിലെ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമധേയത്തിലുള്ള മേരി മേജർ ബസിലിക്കയിലേക്കും, കൊണ്ടുപോകുകയും ചെയ്യും. അവിടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം സംസ്കരിക്കുമെന്നാണ് വത്തിക്കാന്‍ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നും നാളെയും അർദ്ധരാത്രി 12 വരെ പൊതുദര്‍ശനത്തിന് അവസരമുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചിരിന്നു.
