News
ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചുള്ള നൊവേന കുർബാന നാളെ മുതല്‍
പ്രവാചകശബ്ദം 25-04-2025 - Friday
വത്തിക്കാന്‍ സിറ്റി: മരണമടഞ്ഞ മാർപാപ്പമാർക്കുവേണ്ടി വത്തിക്കാനില്‍ നടത്തുന്ന പാരമ്പര്യമനുസരിച്ച്, നൊവേനക്കുർബാന അര്‍പ്പണം നാളെ ആരംഭിക്കും. ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി നടത്താനിരിക്കുന്ന നൊവേനക്കുർബാനകളുടെ അർപ്പണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വത്തിക്കാനിലെ ആരാധനക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് ഇന്നലെയാണ് പങ്കുവെച്ചത്. നിലവിലെ തീരുമാനമനുസരിച്ച് മൃതസംസ്കാരം നടക്കുന്ന നാളെ ഏപ്രിൽ 26 ശനിയാഴ്ചയായിരിക്കും നൊവേനക്കുർബാനയുടെ ആരംഭം. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലായിരിക്കും വിശുദ്ധ ബലികൾ അർപ്പിക്കപ്പെടുക.രണ്ടാം ദിവസമായ ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 10.30നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ മുഖ്യ കാർമ്മികനായിരിക്കും.
മൂന്നാമത്തെ ദിവസം മുതൽ വൈകുന്നേരം അഞ്ചുമണിക്കായിരിക്കും വിശുദ്ധ ബലിയർപ്പണം. റോം രൂപതയിൽനിന്നുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ അർപ്പിക്കപ്പെടുന്ന മൂന്നാം ദിനത്തിലെ വിശുദ്ധ ബലിക്ക് വികാരി ജനറൽ കർദ്ദിനാൾ ബാൾഡസാരെ റെയ്‌ന മുഖ്യ കാർമ്മികത്വം വഹിക്കും. നൊവേനയുടെ നാലാം ദിനമായ ഏപ്രിൽ 29ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കർദ്ദിനാൾ മൗറോഗമ്പെത്തി മുഖ്യ കാർമ്മികത്വം വഹിക്കും. പേപ്പൽ ബസലിക്കകളിലെ ചാപ്റ്റർ അംഗങ്ങളെയാണ് പ്രധാനമായും ഈ വിശുദ്ധ ബലിയിൽ പ്രതീക്ഷിക്കുന്നത്.
അഞ്ചാം ദിനത്തിലെ വിശുദ്ധ ബലിയർപ്പണത്തിൽ പേപ്പൽ ചാപ്പൽ അംഗങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ഈ വിശുദ്ധ ബലിക്ക് കർദ്ദിനാൾ സംഘത്തിന്റെ അസിസ്റ്റന്റ് ഡീനായ കർദ്ദിനാൾ ലെയൊനാർഡോ സാന്ദ്രിയായിരിക്കും മുഖ്യ കാർമ്മികത്വം വഹിക്കുക. മെയ് ഒന്നാം തീയതി നടക്കുന്ന നൊവേനയുടെ ആറാംദിന വിശുദ്ധ ബലിയർപ്പണത്തിൽ റോമൻ കൂരിയയിൽ നിന്നുള്ള അംഗങ്ങളായിരിക്കും പങ്കെടുക്കുന്നത്. അന്നേദിവസം നടക്കുന്ന വിശുദ്ധ ബലിക്ക് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷനായിരുന്ന കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് മുഖ്യ കാർമ്മികത്വം വഹിക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ളവരുടെ കൂടുതലായ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഏഴാം ദിവസം പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ക്ലൌദിയോ ഗുഗെറോത്തി മുഖ്യ കാർമ്മികത്വം വഹിക്കും.
എട്ടാം ദിവസത്തിലെ വിശുദ്ധ ബലിയിൽ സമർപ്പിത, അപ്പസ്തോലിക ജീവിതസമൂഹങ്ങളിൽനിന്നുള്ള ആളുകളാണ് പങ്കെടുക്കുക.സമർപ്പിത സമൂഹ സ്ഥാപനങ്ങൾക്കും, അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആയിരുന്ന കർദ്ദിനാൾ ആംഹെൽ ഫെർനാണ്ടെസ് അരിതിമെ ആയിരിക്കും ഈ വിശുദ്ധബലിയുടെ മുഖ്യ കാർമ്മികൻ. നൊവേനക്കുർബാനയുടെ അവസാനദിനമായ മെയ് നാലാം തീയതി വൈകുന്നേരം നടക്കുന്ന വിശുദ്ധ ബലിയിൽ പേപ്പൽ ചാപ്പലിലെ അംഗങ്ങളായിരിക്കും പങ്കെടുക്കുന്നത്. കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോഡീക്കൻ എന്ന സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തി ആയിരിക്കും ഈ വിശുദ്ധബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കുക. വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസിന്റെ തലവൻ ആർച്ച് ബിഷപ്പ് ഡിയേഗോ റവേല്ലിയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
