News

ഫ്രാന്‍സിസ് പാപ്പയ്ക്കു ലോകത്തിന്റെ യാത്രാമൊഴി

പ്രവാചകശബ്ദം 26-04-2025 - Saturday

വത്തിക്കാൻ സിറ്റി: ലക്ഷങ്ങളെ സാക്ഷിയാക്കി നടന്ന മൃതസംസ്കാര ശുശ്രൂഷയ്ക്കും ദിവ്യബലിക്കും ശേഷം ഫ്രാൻസിസ് മാർപാപ്പയ്ക്കു അന്ത്യയാത്രാമൊഴി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദ്ദിനാൾ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബാത്തിസ്റ്റ റേയാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ലോക നേതാക്കളും വൈദികരും സന്യസ്തരും പതിനായിരകണക്കിന് വിശ്വാസികളും ചടങ്ങിനു സാക്ഷികളായി.

വിവിധ മാധ്യമങ്ങളിലൂടെ തത്സമയം മൃതസംസ്കാര ശുശ്രൂഷകള്‍ കണ്ടതും ദശലക്ഷങ്ങളായിരിന്നു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ മുന്‍നിരയിലുണ്ടായിരിന്നു.

സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെൻ്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് പാപ്പയുടെ ഭൗതികശരീരം എത്തിച്ചത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നിന്ന് റോമിലെ തെരുവുകളിലൂടെയുള്ള പാപ്പയുടെ ശരീരവും വഹിച്ചുക്കൊണ്ടുള്ള വിലാപയാത്ര കടന്നുപോയ വഴികളിൽ ആയിരകണക്കിന് വിശ്വാസികൾ പ്രാർത്ഥനയോടെ നിലകൊണ്ടിരുന്നു. മാർപാപ്പയായിരിന്ന കാലത്ത് നൂറിലധികം തവണ സന്ദർശിച്ച ബസിലിക്കയിലേക്ക് പാപ്പ അന്ത്യയാത്ര നടത്തിയപ്പോൾ നിറകണ്ണുകളുമായാണ് വിശ്വാസികള്‍ നിന്നിരിന്നത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ മരത്തില്‍ തീര്‍ത്ത മൃതദേഹമുള്ള പേടകം സെന്റ് മേരി മേജർ ബസിലിക്കയിൽ എത്തിച്ചു. തുടര്‍ന്നു ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കബറാടക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡ്‌മിർ സെല ൻസ‌ി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളും വത്തിക്കാനില്‍ മൃതസംസ്കാര ശുശ്രൂഷകളില്‍ സംബന്ധിച്ചിരിന്നു.


Related Articles »