News - 2025

ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരത്തിന് മുന്‍പ് വഴക്കിട്ട് പിരിഞ്ഞ നേതാക്കന്മാര്‍ തമ്മില്‍ അനുരജ്ഞന കൂടിക്കാഴ്ച

പ്രവാചകശബ്ദം 27-04-2025 - Sunday

വത്തിക്കാന്‍ സിറ്റി; പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ലോകസമാധാനത്തിനായി നിരന്തരം ശബ്‌ദമുയർത്തിയിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരത്തിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറെ ചര്‍ച്ചയായി. യുക്രൈന്‍ പ്രസിഡന്റ് സെലൻസ്ക‌ിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തിയ കൂടിക്കാഴ്ചയാണ് ആഗോള ശ്രദ്ധ നേടിയിരിക്കുന്നത്. വിദ്വേഷം അവസാനിപ്പിച്ച് പരസ്പരം പാലങ്ങള്‍ പണിയണമെന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തിന് ഇരു രാജ്യങ്ങളിലെ നേതാക്കള്‍ പ്രത്യുത്തരം നല്‍കുകയായിരിന്നുവെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

ഫെബ്രുവരിയിൽ ഓവൽ ഓഫീസില്‍ ഇരുവരും നടത്തിയ തർക്കവും അതിന്റെ ദൃശ്യങ്ങളും ഏറെ ചര്‍ച്ചയായിരിന്നു. ഇതിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും ഇതാദ്യമാണ്. തന്റെ മാര്‍പാപ്പ പദവിയിലുള്ള ഈ അവസാന വർഷങ്ങളിൽ റഷ്യൻ-യുക്രൈന്‍ സംഘർഷത്തിൽ സമാധാനത്തിനായുള്ള അക്ഷീണ വക്താവായി പ്രവര്‍ത്തിച്ച ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിടപറയാൻ ഇരു നേതാക്കളും വത്തിക്കാനിൽ എത്തിയപ്പോഴാണ് സംഭാഷണം നടത്തിയെന്നതാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.



നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്നും സ്വകാര്യമായി ധാരാളം സംസാരിച്ചുവെന്നും ചർച്ച ചെയ്ത എല്ലാത്തിനും ഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും യുക്രേനിയൻ പ്രസിഡന്റ് 'എക്സി'ല്‍ കുറിച്ചു. ബസിലിക്കയിൽ നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും നിർണായക ഫലങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള സെലൻസ്ക്‌കിയുടെ പ്രതികരണവും മാർപാപ്പയോടുള്ള ആദരവുകൂടിയായി. പിണക്കം മാറ്റിവച്ച് യൂറോപ്യൻ നേതാക്കളെ സ്നേഹത്തോടെ തലോടുന്ന ട്രംപിന്റെ മറ്റൊരു മുഖവും സെന്‍റ് പീറ്റേഴ്സ് ബസിലിക്ക സാക്ഷ്യം വഹിച്ചു. ഡൊണാള്‍ഡ് ട്രംപും മെലാനിയയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലോക നേതാക്കന്മാര്‍ ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.


Related Articles »