News - 2025

ഓര്‍മ്മയില്‍ ഫ്രാന്‍സിസ് പാപ്പ; നവനാള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം വത്തിക്കാനില്‍ തുടരുന്നു

പ്രവാചകശബ്ദം 28-04-2025 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് സാർവത്രികസഭ ശനിയാഴ്ച മുതൽ ഒമ്പത് ദിവസത്തേക്കു പ്രഖ്യാപിച്ച ദുഃഖാചരണത്തിൻ്റെ ഭാഗമായി നവനാള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടരുന്നു. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിവിധ കർദ്ദിനാളുമാരുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയും ജപമാല സമര്‍പ്പണവും നടക്കുന്നുണ്ട്. ദുഃഖാചരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് കർദ്ദിനാളുമാരെല്ലാവരും ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ സാന്താ അനസ്‌താസിയ ബസിലിക്കയിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു.

മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ റോമിലെ സാൻ ഗ്രെഗോരിയോ സേത്തിമോ പള്ളിയിൽ സീറോമലങ്കര സഭാംഗങ്ങൾ ഒന്നുചേർന്ന് മാർപാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാനയർപ്പിച്ചു. ദുഃഖാചരണത്തിൻ്റെ മുന്നാംദിനമായ ഇന്ന് റോമാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. റോമാ രൂപത വികാരി ജനറാൾ കർദ്ദിനാൾ ബാൾഡസാരെ റെയ്‌ന മുഖ്യകാർമികത്വം വഹിക്കും. പൗരസ്‌ത്യസഭകളുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയർപ്പണം മേയ് രണ്ടിനാണ്. പൗരസ്‌ത്യസഭാ കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ക്ലൗഡിയോ ഗുഗെറോത്തി മുഖ്യകാർമികത്വം വഹിക്കും.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »