News

മാർപാപ്പയുടെ തിരഞ്ഞെടുപ്പും പരിശുദ്ധാത്മാവിന്റെ ഇടപെടലും

നെല്‍സണ്‍ തോമസ് 28-04-2025 - Monday

ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തെ തുടർന്ന് 140 കോടി കത്തോലിക്കരുടെ ആഗോള സഭ തലവനായി പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായി 135 കർദ്ദിനാളുമാർ വത്തിക്കാനിൽ സമ്മേളിച്ചിരിക്കുകയാണ്. സഭയുടെ ഈ നിർണായക വേളയിൽ പരിശുദ്ധാത്മാവിൻ്റെ പങ്ക് എന്താണ് എന്ന ചോദ്യം വിശ്വാസികൾക്കിടയിൽ ചർച്ചാവിഷയമാണ്. കത്തോലിക്ക വിശ്വാസത്തിൻറെ വെളിച്ചത്തിൽ ഈ വിഷയത്തെ നമുക്ക് പരിശോധിക്കാം.

ദൈവീക ഇടപെടലും മാനുഷിക തെരഞ്ഞെടുപ്പും ‍

കർദ്ദിനാൾമാർ ഒത്തുചേർന്ന് "വേനി, സാങ്‌തേ സ്പിരിത്തൂസ്" (പരിശുദ്ധാത്മാവേ, എഴുന്നള്ളി വരേണമേ) എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കോൺക്ലേവ് തുടങ്ങുന്നത്. മാർപാപ്പയെ പ്രത്യക്ഷമായി തിരഞ്ഞെടുക്കുന്നത് 80 വയസ്സിന് താഴെയുള്ള കർദ്ദിനാളുമാരാണെങ്കിലും ഈ പ്രക്രിയയിൽ പരിശുദ്ധാത്മാവിൻ്റെ പ്രചോദനം നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് കർദ്ദിനാളുമാരുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കുകയും സഭയുടെ ഉന്നമനത്തിനായി ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് കേവലം ഒരു മാനുഷിക പ്രക്രിയയല്ല, മറിച്ച് ദൈവവും മനുഷ്യരും തമ്മിലുള്ള ഒരു സഹകരണമാണ്. ദൈവം മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ മാനിക്കുകയും അവരുടെ വിവേചനാധികാരത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.

ക്രിസ്തു സ്ഥാപിത സഭയുടെ സംരക്ഷണമാണ് പരിശുദ്ധാത്മാവിൻ്റെ ഏറ്റവും വലിയ ഉറപ്പ്. സഭയുടെ അധികാരശ്രേണി, കൂദാശകൾ, തെറ്റില്ലാത്ത മജിസ്റ്റീരിയൽ പഠനങ്ങൾ എന്നിവ ഒരിക്കലും നശിച്ചുപോവുകയില്ല. ചില മാര്‍പാപ്പമാർ ഭരണപരമായ കാര്യങ്ങളിൽ ദുർബലരോ വിവാദങ്ങളിൽ ഉൾപ്പെട്ടവരോ ആയിരുന്നിരിക്കാം, എന്നാൽ സഭയുടെ അടിസ്ഥാനപരമായ ആത്മീയ ദൗത്യം എപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിൻ്റെ വലിയ പദ്ധതിയിൽ മനുഷ്യരുടെ ന്യൂനതകൾ പോലും ഒരു വലിയ നന്മയിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.

തിരഞ്ഞെടുപ്പും വിവാഹവുമായുള്ള സമാനത ‍

മാർപാപ്പയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വിവാഹമെന്ന കൂദാശയുമായി താരതമ്യം ചെയ്യാവുന്നതാണ്. വധൂവരന്മാർ സ്വതന്ത്രമായി തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നു. ദൈവം ഈ ബന്ധത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ദൈവം നേരിട്ട് പങ്കാളിയെ നിർദ്ദേശിക്കുന്നില്ലെങ്കിലും അവരുടെ തീരുമാനത്തെ അംഗീകരിക്കുകയും അതിന് കൃപ നൽകുകയും ചെയ്യുന്നു. സമാനമായി, കർദ്ദിനാൾമാർ മാർപാപ്പയെ തിരഞ്ഞെടുക്കുമ്പോൾ പരിശുദ്ധാത്മാവ് ആ തിരഞ്ഞെടുപ്പിനെ അംഗീകരിച്ച് സഭയുടെ ദൗത്യത്തെ സംരക്ഷിക്കുന്നു.

ചരിത്രത്തിലെ പാഠങ്ങൾ, ദൈവിക സംരക്ഷണം ‍

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മാര്‍പാപ്പമാരുടെ തിരഞ്ഞെടുപ്പുകളിൽ മാനുഷികമായ ദൗർബല്യങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും സ്വാർത്ഥ താൽപ്പര്യങ്ങളും ഒക്കെ കടന്നു കൂടിയിട്ടുണ്ട് എന്ന് കാണാൻ സാധിക്കും. ഉദാഹരണത്തിന്, ലിബീരിയൂസ് മാർപാപ്പയുടെ (352) കാലഘട്ടത്തിലെ ആര്യൻ പാഷാണ്ഡതയുമായുള്ള ബന്ധപ്പെട്ട വിവാദങ്ങളും, അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ (1492) തിരഞ്ഞെടുപ്പിലെ ബന്ധുജന പക്ഷപാതവും ഇതിന് ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, ഈ മാനുഷികമായ ന്യൂനതകൾക്കിടയിലും പരിശുദ്ധാത്മാവ് സഭയെ സംരക്ഷിച്ചു.

പ്രാർത്ഥനയുടെ പ്രാധാന്യം

കർദ്ദിനാളുമാർ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന ഈ നിർണായക പ്രക്രിയയിൽ പരിശുദ്ധാത്മാവിൻ്റെ മാർഗനിർദേശത്തിനായി പ്രാർത്ഥിക്കേണ്ടത് കത്തോലിക്കരുടെ കടമയാണ്. പരിശുദ്ധാത്മാവ് കർദ്ദിനാളുമാരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുകയും അവരുടെ വിവേകത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊരിക്കലും അവരുടെ സ്വതന്ത്ര ഇച്ഛാശക്തിയെ ഹനിക്കുന്നില്ല. ദൈവം മനുഷ്യന് നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ അവന്റെ കൃപയാൽ അവരുടെ തീരുമാനങ്ങളെ ദൈവഹിതത്തിനനുസൃതമായി രൂപപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് ഒരു ഗുരുവിനെപ്പോലെ മനസ്സിനെ പ്രചോദിപ്പിക്കുകയും, സഭയുടെ ആത്മീയ ദൗത്യത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തിയെ തിരഞ്ഞെടുക്കാൻ കർദ്ദിനാൾമാരെ സഹായിക്കുകയും ചെയ്യുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമൻ (കർദ്ദിനാൾ റാറ്റ്സിംഗർ ആയിരുന്നപ്പോൾ) 1997-ൽ പറഞ്ഞത് ശ്രദ്ധേയമാണ്: "പരിശുദ്ധാത്മാവ് മാര്‍പാപ്പയെ നേരിട്ട് തിരഞ്ഞെടുക്കുന്നില്ല, മറിച്ച് ഒരു നല്ല ഗുരുവിനെപ്പോലെ സ്വാതന്ത്ര്യം നൽകി നമ്മെ നയിക്കുന്നു." അതിനാൽ പരിശുദ്ധാത്മാവിൻ്റെ ഈ ദൈവിക മാർഗനിർദേശം കർദ്ദിനാൾമാരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കാൻ നമ്മൾ പ്രാർത്ഥിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള 135 കർദ്ദിനാളുമാരിൽ ഫ്രാൻസിസ് മാര്‍പാപ്പ നിയമിച്ച 110 കർദ്ദിനാൾമാരുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹിക നീതിയിലൂന്നിയതും സിനഡൽ സഭയെക്കുറിച്ചുള്ളതുമായ കാഴ്ചപ്പാടുകൾ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിൻ്റെ ഫലം എന്തായിരുന്നാലും, പരിശുദ്ധാത്മാവ് സഭയെ മുന്നോട്ട് നയിക്കും എന്നതിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ നിർണായക സമയത്ത് നമ്മുടെ പ്രധാന കർത്തവ്യം പ്രാർത്ഥന മാത്രമാണ്.

സർവ്വജ്ഞാനിയായ ദൈവം എല്ലാം അറിയുമെന്നിരിക്കെ പ്രാർത്ഥനയുടെ ആവശ്യകത എന്താണ്? ‍

യഥാർത്ഥത്തിൽ, നാം പ്രാർത്ഥിക്കുന്നത് ദൈവത്തെ വിവരം അറിയിക്കാനല്ല. മറിച്ച്, ദൈവത്തിന്റെ പദ്ധതിയിൽ പങ്കുചേരാനാണ്. ദൈവത്തിന് ഓരോ കാര്യത്തിനും മൂന്നുതരം അൽഗോരിതങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിക്കാം: "ചെയ്യാം," "ചെയ്യേണ്ട," "ആരെങ്കിലും ചോദിച്ചാൽ ചെയ്യാം." ഓരോ സംഭവത്തിനും ദൈവം ഏത് അൽഗോരിതമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നമുക്ക് അറിയാൻ കഴിയില്ല. മൂന്നാമത്തെ അൽഗോരിതം - അതായത് നാം അപേക്ഷിച്ചാൽ മാത്രം നടക്കുന്ന കാര്യങ്ങൾ - ആണ് ദൈവത്തിന്റെ തീരുമാനമെങ്കിൽ, നമ്മുടെ പ്രാർത്ഥനയില്ലാതെ അത് നടക്കാതെ പോകില്ലേ?

ഒന്നാമത്തെ അൽഗോരിതം ആണെങ്കിൽ, നാം ചോദിക്കാതെ തന്നെ അത് നടക്കും; രണ്ടാമത്തേത് ആണെങ്കിൽ, എത്ര ചോദിച്ചാലും നടക്കില്ല. എന്നാൽ, ഏത് അൽഗോരിതമാണ് എന്ന് നമുക്ക് അറിയാത്തതിനാൽ നിരന്തരം പ്രാർത്ഥിക്കുന്നതിലൂടെ നാം ദൈവഹിതവുമായി സഹകരിക്കുകയും അവന്റെ കൃപയ്ക്ക് നമ്മെ തുറന്നിടുകയും ചെയ്യുന്നു. കർദ്ദിനാൾമാർക്ക് വിവേകവും ധൈര്യവും ലഭിക്കുവാനും പുതിയ മാര്‍പാപ്പയ്ക്ക് ദൈവകൃപ ലഭിക്കുവാനും നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.




Related Articles »