News
കോണ്‍ക്ലേവിന് ഇനി മണിക്കൂറുകള്‍ മാത്രം; പ്രാര്‍ത്ഥനയോടെ ആഗോള സമൂഹം
പ്രവാചകശബ്ദം 07-05-2025 - Wednesday
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് ഇന്നു തുടക്കമാകും. പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സിസ്റ്റൈന്‍ ചാപ്പലില്‍ പ്രാർത്ഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടർന്ന് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനാഗീതം ആലപിച്ചുകൊണ്ട് 71 രാജ്യങ്ങളിൽനിന്നുള്ള 133 കർദ്ദിനാൾ ഇലക്‌ടർമാർ പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിക്കും. തുടർന്ന് ആദ്യ വോട്ടെടുപ്പ് വൈകുന്നേരം 5.30ന് (ഇന്ത്യൻ സമയം രാത്രി 9ന്) നടക്കും. ഇന്ത്യൻ സമയം രാത്രി പത്തരയോടെ ഫലം അറിയാനാകുമെന്നാണ് സൂചന.
കോണ്‍ക്ലേവിന് മുന്നോടിയായി ഇന്നു പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബാത്തിസ്‌ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദ്ദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. 'പ്രോ എലിജേന്തൊ പൊന്തീഫിച്ചെ' എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്.
ലത്തീൻ റീത്തിലെയും പൗരസ്ത്യ സഭകളിലെയും വോട്ടവകാശമുള്ള കർദ്ദിനാളുന്മാർ നിശ്ചിത വേഷങ്ങൾ അണിഞ്ഞതിനു ശേഷം പേപ്പൽ ഭവനത്തിലെ പൗളിൻ കപ്പേളയിൽ നിന്ന്, സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുകൊണ്ടായിരിക്കും സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രദക്ഷിണമായി നീങ്ങുക. സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയതിനു ശേഷം “വേനി ക്രെയാത്തോർ സ്പീരിത്തൂസ്” എന്ന റൂഹാക്ഷണ പ്രാർത്ഥനയെതുടർന്ന് കോൺക്ലേവിൻറെ നിബന്ധനകൾ അനുസരിച്ചുള്ള പ്രതിജ്ഞ കർദ്ദിനാളന്മാർ ചൊല്ലും. അതിനു ശേഷം ആയിരിക്കും വോട്ടെടുപ്പ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കോണ്‍ക്ലേവിനാണ് ഇന്നു തുടകമാകുന്നത്. ആരാകും പത്രോസിന്റെ അടുത്ത പിന്‍ഗാമി? നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
