News

ഇന്നത്തെ വോട്ടെടുപ്പില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അടുത്ത നടപടി ക്രമം ഇങ്ങനെ..!

പ്രവാചകശബ്ദം 07-05-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് ഒരുക്കമായുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് സമാപനമായി. ഇന്നു പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർത്ഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ ഇന്നു പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുത്തില്ലെങ്കില്‍ പിന്നീടുള്ള നടപടി ക്രമം എങ്ങനെയായിരിക്കും?

വത്തിക്കാന്‍ ന്യൂസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ; ഇന്നു വോട്ടെടുപ്പില്‍ പുതിയ പാപ്പയെ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കിൽ, വ്യാഴാഴ്ച വീണ്ടും പ്രാർത്ഥനകളും വോട്ടെടുപ്പും നടക്കും. ഇതനുസരിച്ച് നാളെ രാവിലെ 7.45-ന് സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് യാത്രയാകുന്ന കർദ്ദിനാളുമാർ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15ന് പ്രഭാതപ്രാർത്ഥനയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടത്തും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിൽ വച്ച് 9.15-ന് രണ്ടാം യാമപ്രാർത്ഥനയും തുടർന്ന് വോട്ടെടുപ്പുകളും നടക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് 10.30-നോ 12-നോ വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരാൻ സാധ്യതയുണ്ട്.

ഈ വോട്ടെടുപ്പുകളിലും ഒരാളെ തിരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30-ന് ഉച്ചഭക്ഷണത്തിനായി കർദ്ദിനാൾമാർ തിരികെ സാന്താ മർത്തയിലേക്ക് പോകും. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വ്യാഴാഴ്ച വൈകുന്നേരം 3.45-നായിരിക്കും കർദ്ദിനാളുമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30-നും 7-നും വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്നപ്രാർത്ഥനകൾ നടക്കും. 7:30ന് കർദ്ദിനാളുമാർ തിരികെ സാന്താ മാർത്തയിലേക്ക് യാത്രയാകും.

വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്ക് ശേഷമായിരിക്കും പുകയുയരുകയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. കോൺക്ലേവിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനകൾ ലത്തീൻ ഭാഷയിലായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »