News
ക്രൈസ്തവ നരഹത്യ അരങ്ങേറിയ കന്ധമാലില്‍ 4 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 08-05-2025 - Thursday
സൈമൺബാഡി: ഭാരതത്തിലെ ക്രൈസ്തവരുടെ ഉള്ളില്‍ തീരാനോവായി മാറിയ കന്ധമാലില്‍ പൗരോഹിത്യ വസന്തം. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈമൺബാഡിയിലെ മാ മരിയ കപ്പൂച്ചിൻ ഇടവകയിലാണ് മെയ് 6ന് തിരുപ്പട്ട സ്വീകരണം നടന്നത്. ആന്ധ്രാപ്രദേശിലെ മേരി മാതാ പ്രവിശ്യയിലെ കപ്പൂച്ചിൻ വൈദികന്‍ ഫാ. ഐസക് പരിച, രൂപതകളില്‍ നിന്നുള്ള ഫാ. ലിതു പ്രധാൻ, സരജ് നായക്, മൈക്കൽ ബെഹേര എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. നൂറിലധികം വൈദികരും 50 സന്യാസിനികളും സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു.
കട്ടക്ക്-ഭുവനേശ്വർ അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോൺ ബർവ മുഖ്യകാര്‍മ്മികനായി. തന്റെ പ്രസംഗത്തിൽ, ആർച്ച് ബിഷപ്പ് പൗരോഹിത്യ വിളിയുടെ മഹനീയ സ്വഭാവം ചൂണ്ടിക്കാട്ടി. ഒരു സാധാരണ വ്യക്തിക്കും നിറവേറ്റാൻ കഴിയാത്ത ഒരു ദൗത്യത്തിനായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നിങ്ങളെ വിളിച്ചതു ദൈവമാണെന്നു അദ്ദേഹം നവ വൈദികരോട് പറഞ്ഞു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ദുഃഖിതർക്ക് ആശ്വാസവും, രോഗികൾക്ക് രോഗശാന്തിയും, ദുർബലർക്ക് അനുരഞ്ജനവും ശക്തിയും, വിശ്വസ്തർക്ക് കൂദാശകളും നൽകുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സേവനത്തിന്റെയും സന്ദേശവാഹകരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം നവവൈദികരെ ഓർമ്മിപ്പിച്ചു.
2008 ആഗസ്റ്റ് 25നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. എന്നാല്‍ ക്രൈസ്തവരുടെ രക്തം വീണു കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
