News - 2025

ഫാ. ടോം ഓലിക്കരോട്ട് സീറോ മലബാർ സഭയുടെ പുതിയ പി‌ആര്‍‌ഓ; ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ ലിറ്റർജിക്കൽ റിസേർച്ച് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ

പ്രവാചകശബ്ദം 10-05-2025 - Saturday

കാക്കനാട്: സീറോമലബാർസഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി തലശേരി അതിരൂപതാംഗമായ റവ.ഫാ. ടോം ഓലിക്കരോട്ട് നിയമിതനായി. വൈദീകർക്കുവേണ്ടിയുള്ള കമ്മീഷന്റെ ചുമതലകൂടി അദ്ദേഹത്തിന് ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോഓർഡിനേറ്റർ, ബിഷപ്പിന്റെ സെക്രട്ടറി, പി.ആർ.ഓ. എന്നീ ശുശ്രൂഷകൾ ചെയ്തുവരുമ്പോഴാണ് ഫാ. ടോം സഭാകാര്യാലയത്തിൽ നിയമിക്കപ്പെടുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽനിന്നും ബൈബിൾ വിജ്ഞാനീയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക് പാലക്കാട് രൂപതാംഗമായ റവ.ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നിയമിതനായി. പാലക്കാട് രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറായും മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോബിൻ സഭാകാര്യാലയത്തിൽ ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്നത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

സഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന വിൻസെൻഷ്യൻ സമർപ്പിത സമൂഹാംഗം റവ.ഫാ. ആന്റണി വടക്കേകര; എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ, വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം റവ.ഫാ. ജോജി കല്ലിങ്ങൽ എന്നിവർ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. മേജർ ആർച്ചുബിഷപ്പും ബന്ധപ്പെട്ട കമ്മീഷൻ ചെയർമാന്മാരുമാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. 2025 മെയ് പതിനഞ്ചിനാണ്‌ പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »