News
നാം വിളിക്കപ്പെട്ടിരിക്കുന്നത് രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ: ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 10-05-2025 - Saturday
വത്തിക്കാന്‍ സിറ്റി: നാം വിളിക്കപ്പെട്ടിരിക്കുന്നത് രക്ഷകനായ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനാണെന്ന് ലെയോ പതിനാലാമൻ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പ, ഇന്നലെ കർദ്ദിനാൾ സംഘത്തോടൊപ്പം സിസ്റ്റൈൻ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിച്ചു വചന സന്ദേശം നൽകുകയായിരിന്നു. പാപ്പ പദവിയില്‍ എത്തിയ ശേഷം അര്‍പ്പിക്കപ്പെട്ട ആദ്യ ബലിയ്ക്കാണ് സിസ്റ്റൈന്‍ ചാപ്പല്‍ സാക്ഷിയായത്.
രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു" എന്ന വിശുദ്ധ പത്രോസിന്റെ വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന വാചകത്തോടെയാണ് ലിയോ പതിനാലാമൻ പാപ്പ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള തന്റെ ആദ്യവചന സന്ദേശം ആരംഭിച്ചത്. താൻ ആരെന്നുള്ള യേശുവിന്റെ ചോദ്യത്തിന് വിശുദ്ധ പത്രോസ് നൽകുന്ന മറുപടിയിൽ, ദൈവത്തിന്റെ മഹത്തായ ദാനവും, രൂപാന്തരപ്പെടാൻ അനുവദിക്കുന്നതിന് സ്വീകരിക്കേണ്ട പാതയും നമുക്ക് കാണിച്ചുതരുന്നുവെന്നും, രക്ഷയുടെ ഈ മാനമാണ് മാനവകുലത്തിന്റെ നന്മയ്ക്കുവേണ്ടി സഭ പ്രഘോഷിക്കേണ്ടതെന്നും പാപ്പ പറഞ്ഞു.
അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ നമ്മെ തിരഞ്ഞെടുക്കുകയും, ജ്ഞാനസ്നാനത്താൽ പുനരുജ്ജീവിപ്പിക്കുകയും, നമ്മുടെ പരിമിതികൾക്കുമപ്പുറം നമ്മെ നയിക്കുകയും ചെയ്ത ദൈവം നമുക്ക് നൽകുന്ന ഉത്തരവാദിത്വവും, സകല സൃഷ്ടികളോടുമുള്ള വചന പ്രഘോഷണം ആണെന്നും പാപ്പ ചൂണ്ടിക്കാണിച്ചു. പത്രോസിന്റെ പിൻഗാമിയാകുവാനുള്ള തന്റെ വിളി, ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭയുടെ വിശ്വസ്തനായ കാര്യസ്ഥനാകുവാൻ മാത്രമുള്ളതാണെന്നും പാപ്പ പറഞ്ഞു.
എന്നാൽ ഇത് ഘടനകളുടെ മഹത്വമോ, സൗന്ദര്യമോ അല്ലെന്നും, മറിച്ച് അതിലെ അംഗങ്ങളുടെ വിശുദ്ധിയിലൂടെയാണ് സഭയുടെ വെളിച്ചം വെളിപ്പെടുന്നത്. താൻ ആരെന്നാണ് മറ്റുള്ളവർ പറയുന്നതെന്ന യേശുവിന്റെ ചോദ്യവും പാപ്പ ചൂണ്ടിക്കാണിച്ചു. ഈ ചോദ്യം നിസാരമായി തള്ളിക്കളയേണ്ടതല്ല. മറിച്ച് നമ്മുടെ ശുശ്രൂഷയുമായി അഭേദ്യബന്ധം പുലർത്തുന്നു. നാം ജീവിക്കുന്ന യാഥാർഥ്യങ്ങളും, അതിന്റെ പരിമിതികളും, സാധ്യതകളും, ചോദ്യങ്ങളും, ബോധ്യങ്ങളുമെല്ലാം തിരിച്ചറിയുന്നതിനു യേശുവിന്റെ ഈ ചോദ്യം നമ്മെ ഏറെ സഹായിക്കുന്നുവെന്നു പാപ്പ കൂട്ടിച്ചേർത്തു.
യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണം നടക്കുന്നത് ആഢംബര കൊട്ടാരങ്ങൾ നിറഞ്ഞ മനോഹരമായ കേസറിയാ ഫിലിപ്പി പട്ടണത്തിലാണെങ്കിലും, അവിടെ ക്രൂരമായ അധികാര വലയങ്ങളും വഞ്ചനയുടെയും അവിശ്വസനീയതയുടെയും രംഗം അരങ്ങേറുന്നുവെന്ന കാര്യം വിസ്മരിക്കരുതെന്നും പറഞ്ഞ പാപ്പ, സത്യസന്ധതയുടെയും ധാർമ്മികതയുടെയും സുവിശേഷം പ്രഘോഷിക്കുമ്പോൾ ഈ ലോകം നമ്മെ തള്ളിക്കളയുന്നുവെന്ന സത്യം ഉൾക്കൊള്ളണമെന്നും അടിവരയിട്ടു.
സുവിശേഷത്തിനു വേണ്ടി നാം ത്യാഗങ്ങൾ സഹിക്കേണ്ടത് ഏറെ ആവശ്യമാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിന്റെ വിശ്വാസ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നതിനും, കരുണയെ വിസ്മരിക്കുന്നതിനും, വ്യക്തിയുടെ അന്തസ്സിനെ തിരസ്കരിക്കുന്നതിനോ ഇടയാക്കുമെന്ന മുന്നറിയിപ്പും പാപ്പ നൽകി. യേശുവിനെ ഒരു അതിമാനുഷിക പ്രതിഭാസമായി ചുരുക്കുന്നതു തെറ്റാണെന്നും പത്രോസിനെ പോലെ "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു"എന്ന് നമ്മുടെ ജീവിതത്തിൽ ഏറ്റുപറയണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
