News - 2025

ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകൾ നേർന്ന് നയതന്ത്ര പ്രതിനിധികൾ

പ്രവാചകശബ്ദം 17-05-2025 - Saturday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലേക്കുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക്, ലെയോ പതിനാലാമൻ പാപ്പ അനുവദിച്ച സ്വകാര്യ സദസിൽ, പ്രതിനിധിസംഘത്തിന്റെ ഡീൻ, ജോർജ് പുലിഡെസ് പാപ്പയ്ക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പാപ്പ താൻ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ പറഞ്ഞ, 'നിങ്ങൾക്ക് സമാധാനം' എന്നുള്ള സംബോധന ലോകത്തിന്റെ എല്ലാ കോണുകളെയും പരിശുദ്ധ പിതാവിന്റെ സ്നേഹോഷ്മളമായ ആലിംഗനത്തിൽ ഉൾച്ചേർക്കുന്നതായിരുന്നുവെന്നു അദ്ദേഹം അനുസ്മരിച്ചു.

ഇന്നലെ മെയ് പതിനാറാം തീയതിയാണ് കൂടിക്കാഴ്ച നടന്നത്. ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളായ പട്ടിണി, നീതിക്കായുള്ള അന്വേഷണം, മനുഷ്യാന്തസ്, സ്നേഹത്തിനായുള്ള സമസ്യകൾ, അസ്തിത്വത്തെ സംബന്ധിച്ച കാര്യങ്ങൾ എന്നിവയെ തന്റെ അജപാലനശുശ്രൂഷ മേഖലയിൽ അനുഭവിച്ചറിഞ്ഞ ഒരു ആത്മീയ പിതാവിനെയാണ് കോൺക്ലേവ് സമ്മാനിച്ചതെന്നു പുലിഡെസ് പറഞ്ഞു. നിരവധി ആളുകൾക്ക് അത് പ്രതീക്ഷ നൽകുന്നതായി മാറിയെന്നും ജോർജ് അടിവരയിട്ടു പറഞ്ഞു. ജൂബിലി വർഷത്തിൽ ആരംഭിച്ച പരിശുദ്ധ പിതാവിന്റെ ശുശ്രൂഷ, സമാധാനം, സ്നേഹം, സാഹോദര്യം എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയ പ്രത്യാശ എല്ലാവർക്കും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »