News

ലെയോ പതിനാലാമൻ പാപ്പയെ സന്ദര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്‍റും സ്റ്റേറ്റ് സെക്രട്ടറിയും

പ്രവാചകശബ്ദം 19-05-2025 - Monday

വത്തിക്കാന്‍ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ലെയോ പതിനാലാമൻ മാർപാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്ന്‍ മെയ് 19 ലൈബ്രറിയിൽവെച്ചായിരിന്നു ഇരുവരും പത്രോസിന്റെ പിന്‍ഗാമിയുമായി കൂടിക്കാഴ്ച നടത്തിയത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കയില്‍ നിന്നുള്ള പാപ്പയായ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണ ബലിയിലും ഇരുവരും സംബന്ധിച്ചിരിന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസികളാണ് ജെ.ഡി. വാൻസും മാർക്കോ റൂബിയോയും.

കൂടിക്കാഴ്ചയെ "ഹൃദ്യമായ സംഭാഷണം" എന്ന് വത്തിക്കാൻ വിശേഷിപ്പിച്ചു. സഭാ ജീവിതത്തിനും മതസ്വാതന്ത്ര്യത്തിനും പ്രത്യേക പ്രസക്തിയുള്ള വിഷയങ്ങളും ട്രംപ് ഭരണകൂടവുമായി കത്തോലിക്ക സഭയ്ക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും എന്നതും മൂവരും ചർച്ച ചെയ്തതായി വത്തിക്കാൻ വ്യക്തമാക്കി. 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാന ഭാഗത്ത് ഉഷാ വാൻസും റൂബിയോയുടെ ഭാര്യ ജീനറ്റ് ഡൗസ്‌ഡെബ്‌സ് റൂബിയോയും പാപ്പയെ സന്ദര്‍ശിച്ചു. പരമ്പരാഗത രീതിയായ സമ്മാനങ്ങൾ കൈമാറലും നടത്തി.

വത്തിക്കാൻ പുറത്തുവിട്ട കൂടിക്കാഴ്ചയുടെ ചിത്രം പ്രകാരം "പോപ്പ് ലെയോ പതിനാലാമൻ" എന്ന് അച്ചടിച്ച ചിക്കാഗോ ബിയേഴ്സ് ജേഴ്‌സി പാപ്പയ്ക്ക് സമ്മാനിച്ചുവെന്നാണ് കരുതപ്പെടുന്നത്. വത്തിക്കാൻ സ്റ്റേറ്റ്‌സുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറുമായും വാൻസും റൂബിയോയും കൂടിക്കാഴ്ച നടത്തി. സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണം, സഭാ ജീവിതവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ലോക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »