News - 2025
ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും
പ്രവാചകശബ്ദം 21-05-2025 - Wednesday
വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പാപ്പയായ ലെയോ പതിനാലാമൻ പാപ്പയുടെ ജീവചരിത്രം ഇഡബ്ല്യുടിഎന്‍ പുറത്തിറക്കും. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് "ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ പാപ്പയുടെ വിവരണം" എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്. മെയ് 8ന് പത്രോസിന്റെ 267-ാമത് പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട അറുപത്തിയൊന്‍പതുകാരനായ റോബർട്ട് പ്രെവോസ്റ്റിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്രമാണ് ഇത്.
നാളെ മെയ് 22 ന് വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ പ്രാദേശിക സമയം വൈകുന്നേരം 5:30 ന് നടക്കുന്ന പരിപാടിയിൽ പുസ്തകം ഔദ്യോഗികമായി പുറത്തിറക്കും. അപ്പോസ്തലന്മാരുടെ പിൻഗാമി എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്ന് അടിസ്ഥാന റോളുകളിലെ വിശദമായ ചരിത്രം നല്‍കിക്കൊണ്ടാണ് ജീവചരിത്രം പുരോഗമിക്കുന്നത്. ഒരു പുരോഹിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശുദ്ധീകരണ പങ്ക്, ഒരു ബിഷപ്പ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണപരമായ പങ്ക്, ഒരു അധ്യാപകനും മിഷ്ണറിയും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവാചക ദൗത്യപരമായ പങ്ക് എന്നീ തലങ്ങളിലൂടെയാണ് ജീവചരിത്ര വിവരണം പുരോഗമിക്കുക.
പ്രമുഖ കത്തോലിക്കാ മാധ്യമ പ്ലാറ്റ്‌ഫോം എന്ന നിലയിൽ, പരിശുദ്ധ പിതാവിന്റെ ആദ്യകാല ജീവിതത്തിൽ നിന്ന്, ഇപ്പോൾ ക്രിസ്തുവിന്റെ വികാരിയായി സേവനമനുഷ്ഠിക്കുന്ന മനുഷ്യനുമായി ബന്ധപ്പെടാൻ ആളുകളെ സഹായിക്കുന്നതിന്, അദ്ദേഹത്തിന്റെ ജീവിതകഥ ലോകവുമായി പങ്കിടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഇഡബ്ല്യുടിഎന്‍ സിഇഒയും ബോർഡ് ചെയർമാനുമായ മൈക്കൽ വാർസോ സിഎൻഎയോട് പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
