News - 2025

ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെ ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം ഇന്ന്

പ്രവാചകശബ്ദം 25-05-2025 - Sunday

കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായും ഉയർത്തുന്ന ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് കണ്ണൂർ റോഡ് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ചടങ്ങുകൾ. വൈകുന്നേരം മൂന്നിനാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ഡോ. ലെയോപോൾദോ ജിറേല്ലി സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനപ്രഘോഷണം നടത്തും.

സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ തോമസ് ജെ. നെറ്റോ, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുൻ മന്ത്രി എം.കെ. മുനീർ, പ്രിയങ്കഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മേയർ ബീനാ ഫിലിപ്പ്, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.

സ്‌ഥാപിതമായി 102 വർഷം പൂർത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ 12 ന് വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്സ് ഹൗസിൽവച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് വായിച്ചത്. കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെൻ്റ് ആൻറണീസ് ഇടവകാംഗമാണ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »