News - 2024
കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 മില്യണ്‍ കടന്നു
സ്വന്തം ലേഖകന്‍ 10-09-2016 - Saturday
വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുവാന്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 മില്യണ്‍ കടന്നു. ജൂബിലി വര്‍ഷത്തിന്റെ ആരംഭത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ദേവാലയത്തില്‍ തുറന്ന 'കരുണയുടെ വാതില്‍' കടന്നവരുടെ എണ്ണമാണ് ജൂബിലി വര്‍ഷം അവസാനിക്കുവാന്‍ മൂന്നു മാസം ശേഷിക്കെ 15 മില്യണ്‍ കടന്നിരിക്കുന്നത്. 'പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍' ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
സംഘടനയുടെ ചുമതല വഹിക്കുന്ന ഫാദര്‍ യുജീനി സില്‍വ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് ആഗോള കത്തോലിക്ക വിശ്വാസികളുടെ ഇടയില്‍ ലഭിച്ച വന്‍ സ്വീകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്. ഇറ്റലിയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും തീര്‍ത്ഥാടകരുടെ കുത്തൊഴുത്ത് നിലയ്ക്കാതെ തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു.
"കനത്ത ചൂടിലും തുടരുന്ന തീര്‍ത്ഥാടകരുടെ ഈ കുത്തൊഴുക്ക്, കരുണയുടെ വര്‍ഷത്തിന് ലഭിച്ച പിന്‍തുണയെയാണ് സൂചിപ്പിക്കുന്നത്. ആളുകള്‍ കരുണയുടെ വാതിലിലൂടെ കടക്കുവാന്‍ ഏറെ തല്‍പരരായി കടന്നുവരികയാണ്. സഭയുടെ അടിസ്ഥാന ലക്ഷ്യം തന്നെ കാരുണ്യമാണ്. സഭ കാരുണ്യത്തില്‍ അടിസ്ഥാനപ്പെട്ട സംവിധാനമാണ്. സഭയുടെ മക്കളായ നമ്മള്‍ക്കും ചെറിയ പ്രവര്‍ത്തിയിലൂടെ ഇതില്‍ പങ്കാളികളാകുവാന്‍ സാധിക്കും". ഫാദര്‍ സില്‍വ പറഞ്ഞു. കരുണയുടെ വെള്ളിയാഴ്ചയില്‍ ഒരു കാരുണ്യ പ്രവര്‍ത്തിയെങ്കിലും ചെയ്യുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആഹ്വാനം നല്‍കിയിരുന്നു.
മാര്‍പാപ്പ തന്നെ നേരിട്ട് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വിശ്വാസ സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചതായും ഫാദര്‍ സില്‍വ പറഞ്ഞു. പാപ്പയുടെ മാതൃക അനുകരിച്ച് ലക്ഷകണക്കിനു വിശ്വാസികള്‍ ഇതിനോടകം വിവിധ കാരുണ്യപ്രവര്‍ത്തികളില്‍ പങ്കാളികളായിട്ടുണ്ട്. പുതു സുവിശേഷത്തിന്റെ വക്താക്കളാക്കി നമ്മേ മാറ്റുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം ഏറെ ഉപകാരപ്രദമാണെന്നും ഫാദര്‍ സില്‍വ അഭിപ്രായപ്പെട്ടു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക