News

പുതിയ ആർച്ച് ബിഷപ്പുമാര്‍ക്ക് പാലിയം ധരിപ്പിക്കല്‍ ചടങ്ങ് പുനഃസ്ഥാപിച്ച് മാര്‍പാപ്പ

പ്രവാചകശബ്ദം 12-06-2025 - Thursday

വത്തിക്കാന്‍ സിറ്റി: പുതിയതായി മെത്രാപ്പോലീത്താന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം വെഞ്ചിരിക്കലും ധരിപ്പിക്കലും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂണ്‍ 29ന് നടക്കും. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിഷ്‌കര്‍ഷിച്ചിരിന്നു. എന്നാല്‍ ഈ ചടങ്ങ് വത്തിക്കാനില്‍ നടത്തുവാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. ജൂണ്‍ 29ന് പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പ പാലിയം ആശീര്‍വദിച്ച് അണിയിക്കുകയായിരുന്നു സഭയുടെ പാരമ്പര്യം. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതല്‍ പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു.

വെഞ്ചിരിപ്പും കൈമാറ്റവും മാത്രമാണ് ജൂണ്‍ 29നു നടന്നിരിന്നത്. പിന്നീട് മറ്റൊരു ദിവസം അതാത് അതിരൂപതകളില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ പാലിയം ധരിപ്പിക്കുന്ന പതിവാണ് ഉണ്ടായിരിന്നത്. എന്നാല്‍ എല്ലാ ചടങ്ങും വത്തിക്കാനില്‍ ഒരു ദിവസം തന്നെ നടത്തുവാനാണ് തീരുമാനമായിരിക്കുന്നത്. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »