News - 2025

ലെയോ പതിനാലാമൻ പാപ്പ ഇന്ന് വേനൽക്കാല വസതിയിലേക്ക്

പ്രവാചകശബ്ദം 06-07-2025 - Sunday

വത്തിക്കാന്‍ സിറ്റി: മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഇന്ന് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ഇന്നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാസിൽ ഗണ്ടോൾഫോയിലേക്ക് പോകുന്ന പാപ്പ ജൂലൈ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരിക്കും വത്തിക്കാനിൽ തിരികെയെത്തുക.

വിശ്രമത്തിനായാണ് പാപ്പാ ഇവിടെയുള്ള വേനൽക്കാലവസതിയിലേക്ക് പോകുന്നതെങ്കിലും ഇതിനിടെ, ജൂലൈ 13 ഞായറാഴ്ച്ച ഈ പ്രദേശത്തുള്ള വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിൽ രാവിലെ 10 മണിക്ക് വിശുദ്ധ ബലിയർപ്പിക്കും. ജൂലൈ 20 ഞായറാഴ്ച രാവിലെ 9.30-ന് അൽബാനോയിലുള്ള കത്തീഡ്രലിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും. ജൂലൈ 13, 20 ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് പാപ്പ, കാസിൽ ഗണ്ടോൾഫോയിലുള്ള "സ്വാതന്ത്ര്യത്തിന്റെ ചത്വരം" എന്നയിടത്തുവച്ച് "കർത്താവിന്റെ മാലാഖ" എന്നുതുടങ്ങുന്ന പ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും.

ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും ലെയോ പാപ്പ ഈ കൊട്ടാരത്തിലായിരിക്കും ചെലവഴിക്കുക. റോമൻ കാലത്തുള്ള ഡോമീസ്യൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല. പിന്നീട് ഗണ്ടോൾഫി ഡ്യൂക്ക് കുടുംബത്തിന്റേതായി മാറിയ ഈ കെട്ടിടം, ഉർബൻ എട്ടാമൻ പാപ്പാ 1623-നും 1644-നും ഇടയിൽ പുനരുദ്ധരിച്ചിരുന്നു.


Related Articles »