News - 2025

ഫാ. ഫ്രാൻസെസ്കോ റാപാസിയോലി പൊന്തിഫിക്കൽ ഫോറിൻ മിഷൻസിന്റെ പുതിയ സുപ്പീരിയർ ജനറല്‍

പ്രവാചകശബ്ദം 08-07-2025 - Tuesday

റോം/ ധാക്ക: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിന്റെ (PIME) പുതിയ സുപ്പീരിയർ ജനറലായി ബംഗ്ലാദേശിലെ മിഷ്ണറിയായ ഫാ. ഫ്രാൻസെസ്കോ റാപാസിയോലിയെ തെരഞ്ഞെടുത്തു. റോമിലെ ഇന്റർനാഷണൽ സെന്റർ ഫോർ മിഷ്ണറി ആക്ടിവിറ്റീസിൽ നടക്കുന്ന 16-ാമത് ജനറൽ അസംബ്ലിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പ്രമുഖ ക്രൈസ്തവ മാധ്യമമായ ഏഷ്യ ന്യൂസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിന്റെ മാധ്യമ സംരഭമാണ്.

2013 മുതൽ സന്യാസ സമൂഹത്തെ നയിച്ച ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്കയുടെ പിന്‍ഗാമിയായാണ് ഫാ. റാപാസിയോലി ചുമതലയേൽക്കുന്നത്. രണ്ടാം തവണയും ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. 20 രാജ്യങ്ങളിലായി 400 മിഷ്ണറിമാരുമായി സജീവമാണ് പി‌ഐ‌എം‌ഇ സമൂഹം. ഇന്ത്യ, അൾജീരിയ, ബംഗ്ലാദേശ്, ബ്രസീൽ, കംബോഡിയ, കാമറൂൺ, ചാഡ്, ഗിനിയ-ബിസാവു, ഹോങ്കോംഗ്,ഐവറി കോസ്റ്റ്, ജപ്പാൻ, മെക്സിക്കോ, മ്യാൻമർ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങീയ രാജ്യങ്ങളില്‍ സന്യാസ സമൂഹം നിസ്തുലമായ സേവനം തുടരുന്നുണ്ട്.

1963-ൽ പാരീസിൽ ജനിച്ച ഫാ. റാപാസിയോലി, ഇറ്റാലിയൻ രൂപതയായ പിയാസെൻസ-ബോബിയോ രൂപതാപരിധിയിലാണ് വളർന്നത്. ദൈവശാസ്ത്രത്തിൽ ബിരുദം നേടി 1993-ൽ വൈദികനായ ശേഷമാണ് അദ്ദേഹം PIME-യിൽ ചേർന്നത്. 1997-ൽ ഇന്ത്യയിലെ പൂനെയിലെ സെമിനാരിയില്‍ സേവനം ചെയ്ത അദ്ദേഹം മുസ്ലീം രാജ്യമായ ബംഗ്ലാദേശിലേക്ക് പോയി. രാജ്യ തലസ്ഥാനമായ ധാക്ക പ്രധാനമായും കേന്ദ്രമാക്കിയായിരിന്നു അദ്ദേഹത്തിന്റെ ശുശ്രൂഷ. ഇറ്റലിയിലെ ഇന്റർനാഷണൽ സെമിനാരിയുടെ റെക്ടറായി ആറ് വർഷത്തെ സേവനത്തിനു ശേഷം (2012-2018) അദ്ദേഹം ബംഗ്ലാദേശിലേക്ക് മടങ്ങി. 2020-ൽ മദ്യപാനികളായവര്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും അദ്ദേഹം സ്ഥാപിച്ച വിവിധ സംഘടനകള്‍ അനേകര്‍ക്ക് പുതുജീവിതം സമ്മാനിച്ചിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »