Daily Saints.

September 13: വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം

സ്വന്തം ലേഖകന്‍ 13-09-2024 - Friday

ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

ജോണിന്റെ പിതാവ് ലത്തീന്‍ കാരനും മാതാവ് ഗ്രീക്ക് വംശജയുമായിരുന്നു. വിശുദ്ധന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മാതാവായ അന്തൂസ തന്റെ ഇരുപതാമത്തെ വയസ്സില്‍ വിധവയായി. രണ്ടാം വിവാഹത്തേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അന്തൂസ തന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ മകനെ നല്ല നിലയില്‍ വളര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു. അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അവള്‍ തന്റെ മകന് നല്‍കിയത്. യുവാവായിരിക്കെ ജോണ്‍ അന്ത്യോക്ക്യായിലെ പാത്രിയാര്‍ക്കീസായിരുന്ന മെലത്തിയൂസിന്റെ സ്വാധീനത്തിലായതാണ് വിശുദ്ധന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടത്. മെലത്തിയൂസ് അവനെ ഡിയോഡോറെയിലേ ആശ്രമ വിദ്യാലയത്തില്‍ അയച്ചു പഠിപ്പിക്കുകയും, പിന്നീട് അവനെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു.

ഈ സമയത്താണ് ജോണ്‍ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത്. ഒരു സന്യാസിയായി തീരണമെന്നായിരുന്നു ജോണ്‍ തീരുമാനിച്ചത്. അതനുസരിച്ച് അദ്ദേഹം ഒരു സന്യാസിയായി ഗുഹയില്‍ താമസിക്കുകയും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ട് ഹെസിച്ചിയൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഠിനമായ ആശ്രമചര്യകളാല്‍ വിശുദ്ധന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹം അന്തോക്ക്യയിലേക്ക് തിരികെ വന്നു. അവിടെ വെച്ച് പൗരോഹിത്യപട്ടം സ്വീകരിക്കുകയും തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം ആരംഭിക്കുകയും ചെയ്തു.

അടുത്ത പന്ത്രണ്ടു വര്‍ഷക്കാലം വിശുദ്ധന്‍ തന്റെ മാസ്മരിക പ്രഘോഷണങ്ങളും, പ്രഭാഷണ പാടവും കൊണ്ട് അന്തോക്ക്യ മുഴുവന്‍ ഇളക്കിമറിച്ചു. വിശുദ്ധന്റെ അറിവും വാക്ചാതുര്യവും അപാരമായിരുന്നു. ഈ സമയത്താണ് വിശുദ്ധന് ‘ക്രിസോസ്റ്റം’ അല്ലെങ്കില്‍ സ്വര്‍ണ്ണ ‘നാവുകാരന്‍’ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍ ശുദ്ധമായ സ്വര്‍ണ്ണം പോലെയായിരുന്നു. 397-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സിംഹാസനം ഒഴിവായപ്പോള്‍ അര്‍ക്കാഡിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ അവിടത്തെ പാത്രിയാര്‍ക്കീസായി വാഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്‍ ആ പദവി നിരസിക്കുമോ എന്ന ആശങ്കയാല്‍ ചക്രവര്‍ത്തി വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സൂത്രത്തില്‍ വരുത്തിക്കുകയും 398-ല്‍ അവിടത്തെ മെത്രാനായും, പാത്രിയാര്‍ക്കീസുമായി വാഴിക്കുകയും ചെയ്തു.

രാഷ്ട്രീയപരമായ ചതികളും, ധാരാളിത്തവും, അത്യാര്‍ത്തിയുമാണ് വിശുദ്ധന് അവിടെ കാണുവാന്‍ കഴിഞ്ഞത്. അദ്ദേഹം ചിലവുകള്‍ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുവാന്‍ തുടങ്ങി. ആശുപത്രികള്‍ പണിയുകയും, പുരോഹിത വൃന്ദത്തില്‍ പുതിയ ഉണര്‍വുണ്ടാക്കുകയും, ആശ്രമപരമായ അച്ചടക്കം കൊണ്ട് വരികയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ ഈ പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് ശത്രുക്കളേയും നേടികൊടുത്തു. ചക്രവര്‍ത്തിനിയായ യൂഡോക്സ്യായും, അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന തിയോഫിലൂസും ആയിരുന്നു അവരില്‍ പ്രമുഖര്‍. അധികം താമസിയാതെ നഗരം കലുഷിതമാവുകയും, വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടാവുകയും ചെയ്തു. 404-ല്‍ ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി.

407-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1204-ല്‍ വിശുദ്ധന്റെ ഭൗതീകശരീരം റോമിലെ സെന്റ്‌ പീറ്റേഴ്സിലേക്ക് കൊണ്ട് വന്നുവെങ്കിലും 2004 നവംബര്‍ 27-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് തിരികെ കൊടുത്തു. വെള്ളിയും, രത്നവും കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിന്റെ ഉത്തരഭാഗത്തുള്ള അതോസ് മലയിലെ വടോപേടി ആശ്രമത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, ഇവിടെ നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. വിശുദ്ധന്റെ വലത് കരവും അതോസ് മലയില്‍ സൂക്ഷിച്ചിരിക്കുന്നു.

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്റെ പ്രസിദ്ധമായ 2 വാക്യങ്ങള്‍ ചുവടെ നല്കുന്നു.

** “മരിച്ചവരെ ഉയിര്‍പ്പിക്കുവാനുള്ള ശക്തി കര്‍ത്താവ് നിനക്ക് തരികയാണെങ്കില്‍, അവന്‍ അനുഭവിച്ച സഹനങ്ങളുടെ കുറച്ചും നിനക്ക് പ്രദാനം ചെയ്യും. അത്ഭുത പ്രവര്‍ത്തനങ്ങള്‍ വഴി നീ നിന്നെത്തന്നെ അവന്റെ കടക്കാരനാക്കുന്നു, അതുപോലെ സഹനങ്ങള്‍ വഴി അവന്‍ നിന്റെ കടക്കാരനും ആയേക്കാം. നിന്നെ സ്നേഹിക്കുന്ന ദൈവത്തിന് വേണ്ടി സഹനമനുഭവിക്കുവാന്‍ കഴിവുള്ളവനാകുക എന്നത് മാത്രമാണ് സഹനത്തിന്റെ പ്രതിഫലമെങ്കില്‍ പോലും, ഇതൊരു മഹത്തായ പ്രതിഫലവും, അര്‍ഹമായ വേതനവുമായിരിക്കില്ലേ? ദൈവത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും, ഞാന്‍ പറയുന്നത് മനസ്സിലാകും.”

** “എപ്പോഴൊക്കെ നീ, യേശു വിശ്രമിക്കുന്ന അള്‍ത്താരയുടെ മുന്‍പിലായിരിക്കുമ്പോള്‍, മനുഷ്യരുടെ ഇടയിലാണ് എന്ന് ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ല; ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും നാഥനായ ദൈവത്തോടുള്ള ബഹുമാനം കൊണ്ട് വിറക്കുന്ന മാലാഖമാരുടേയും, പ്രധാന മാലാഖമാരുടേയും ഒരു സൈന്യം തന്നെ നിന്റെ അരികിലുണ്ട്. അതിനാല്‍ നീ ദേവാലയത്തിലായിരിക്കുമ്പോള്‍, അവിടെ നിശബ്ദതയോടും, ഭയത്തോടും, ആദരവോടുകൂടിയും നില്‍ക്കണം”.

ഇതര വിശുദ്ധര്‍

1. സ്വിറ്റ്സര്‍ലന്‍ഡിലെ അമാത്തൂസ്

2. സിയോണ്‍ ബിഷപ്പായിരുന്ന അമാത്തൂസ്

3. ബര്‍സെനോരിയൂസ്,

4. കൊളുംപിനൂസ്

5. അലക്സാണ്ട്രിയായിലെ എവുളോജിയൂസു

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »