News

ഛത്തീസ്‌ഗഡിൽ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നേരത്തെ തന്നെ ലക്ഷ്യമിട്ടതിന് തെളിവ്

പ്രവാചകശബ്ദം 04-08-2025 - Monday

കോട്ടയം: ഛത്തീസ്‌ഗഡിൽ സേവനം നടത്തുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരെ മതപരിവർത്തന നിയമ ലംഘനം ചുമത്തി അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തേ പദ്ധതിയിട്ടതായി തെളിവുകൾ. ജൂൺ 30ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ ബലത്തിലാണ് അസീസ്സി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സമൂഹത്തിലെ രണ്ടു സിസ്റ്റർമാരെ അറസ്റ്റ് ചെയ്യുകയും ഒമ്പതു ദിവസം തടവിൽ വയ്ക്കുകയും ചെയ്ത‌തെന്ന് 'ദീപിക' പത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയുണ്ടാകുമെന്ന മുൻവിധിയിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് കന്യാസ്ത്രീമാർക്കെതിരേ രാജ്യസുരക്ഷാ നിയമം ചുമത്തിയത്. സംസ്ഥാനത്തു സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയാകുന്നവർക്കെതിരേ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ കളക്‌ടർക്ക് ഈ നിയമം ഉപയോഗിക്കാൻ സാധിക്കും.

സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്നതോ അല്ലെങ്കിൽ ആകാൻ പോകുന്നവയോ ആയതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതു പൊതുക്രമസമാധാനത്തെയും സംസ്ഥാനത്തിൻ്റെ സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നൽകുന്നു എന്നാണ് ഉത്തരവ്.

ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് ജൂലൈ 25നാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് സിസ്റ്റർമാരായ പ്രീതി മേരി (55), വ ന്ദന ഫ്രാൻസിസ് (53) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാരായൺപുരിൽനിന്നുള്ള മൂന്നു സ്ത്രീകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തി കട ത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. അറസ്റ്റിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെത്തുടർന്ന് കേന്ദ്രസർക്കാർ ഇടപെട്ടതോടെയാണ് കന്യാസ്ത്രീമാർക്ക് എൻഐഎ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »