India - 2025
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്ന് തീവ്ര ഹിന്ദുസംഘടന
പ്രവാചകശബ്ദം 10-08-2025 - Sunday
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി. ഗോത്രഗ്രാമങ്ങളിൽ അനധികൃതമായി നിർമിച്ച പള്ളികൾ തകർക്കണമെന്നും പ്രദേ ശങ്ങളിലെ ക്രിസ്‌ത്യൻ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സേവനങ്ങളും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ക്രൈസ്തവർക്കു മൃതസംസ്‌കാരത്തിനായി സ്ഥലം അനുവദിക്കരുതെന്നും ദുർഗ് റെയിൽവേ സ്റ്റേഷൻ വഴി പെൺകുട്ടികളെ കടത്താനെത്തിയ കന്യാസ്ത്രീമാർക്കെതിരേ ശക്തമായ നിയമനടപടി വേണമെന്നും കന്യാസ്ത്രീകളെ തടഞ്ഞതിന്റെ പേരിൽ ബജ്‌രംഗ്ദൾ പ്രവർത്തകർക്കെതിരേ നടപടി പാടില്ലെന്നും നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സർക്കാരും ഭരണകക്ഷിയും സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ വ്യാജ ആരോപണങ്ങൾ നിരത്തി വേട്ടയാടുകയാണെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് കോർഡിനേറ്റർ പാസ്റ്റർ സൈമൺ ദിഗ്ബാൽ ടാൻഡി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ക്രൈസ്‌തവരുടെ ജീവനും സ്വത്തുവകകളും ഭീഷണിയിലാണെന്നും അദ്ദേഹം പറയുന്നു. സമീപകാലത്തായി ഛത്തീസ്‌ഗഡിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും ക്രൈസ്തവരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് തീവ്രഹിന്ദുത്വവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. ക്രൈസ്തവരുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കുവാന്‍ തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
