News - 2025
ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രമാക്കിയുള്ള പുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യാന്‍ അർജന്റീന
പ്രവാചകശബ്ദം 06-08-2025 - Wednesday
ബ്യൂണസ് അയേഴ്‌സ്: അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ സ്കൂളുകളില്‍ ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. "ദി ടീച്ചർ; ദി ഹ്യൂമനിസം ഓഫ് പോപ്പ് ഫ്രാൻസിസ്" എന്ന പുസ്തകം ഗവണ്‍മെന്‍റ്, സ്വകാര്യ സ്‌കൂളുകളിൽ വിതരണം ചെയ്യുവാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സ്മരണ നിലനിർത്താനും പുതിയ തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ചിന്തകൾ പകരാനും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു തീരുമാനം. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ ജനറൽ ഡയറക്ടറേറ്റ് കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ നിർമ്മിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഗവർണർ ആക്‌സൽ കിസിലോഫും ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഗുസ്താവോ കരാരയും പങ്കെടുത്തു.
പുതിയ സംരംഭത്തിലൂടെ, ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും ഫ്രാന്‍സിസ് പാപ്പയുടെ ചിന്തകൾ ഉണ്ടാകുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. ജീവിതത്തിലുടനീളം കൂടെയുള്ളവരെ ഉൾപ്പെടുത്തുന്നതിന്റെയും കണ്ടുമുട്ടലിന്റെയും അധ്യാപനം പ്രോത്സാഹിപ്പിച്ച, ആശയങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും തന്റെ പ്രബോധനങ്ങള്‍ പകർന്നുനൽകിയ ഒരു അധ്യാപകൻ" എന്നാണ് ഫ്രാന്‍സിസ് പാപ്പയെ സാംസ്കാരിക, വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ആൽബെർട്ടോ സിലിയോണി അനുസ്മരിച്ചത്.
മാര്‍പാപ്പയാകുന്നതിന് മുമ്പ്, ജോർജ് മാരിയോ ബെർഗോളിയോ (ഫ്രാൻസിസ് പാപ്പ) അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിന്റെ ആർച്ച് ബിഷപ്പായിരുന്നു. 1998-ൽ ആർച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 2013-ൽ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഇവിടെ സേവനമനുഷ്ഠിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതിന് ശേഷം പാപ്പയുടെ അനുസ്മരണാര്‍ത്ഥം നിരവധി പദ്ധതികളാണ് ബ്യൂണസ് അയേഴ്‌സില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
