India - 2025
മദ്യം വീടുകളിലെത്തിച്ചു നല്‍കാമെന്നത് വ്യാമോഹം: കെസിബിസി മദ്യവിരുദ്ധ സമിതി
പ്രവാചകശബ്ദം 11-08-2025 - Monday
കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റിനു മുമ്പിലെ തിരക്ക് കുറയ്ക്കാനെന്ന വ്യാജേന മദ്യം വീടുകളിലെത്തിച്ചു നല്‍കാനുള്ള ബെവ്‌കോയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണിതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യനയത്തില്‍ ഇടതുപക്ഷം ജനപക്ഷമായി മാറണം. ഒന്നു പറയുകയും മറ്റൊന്നു നടപ്പിലാക്കുകയും ചെയ്യുന്ന ഈ നയത്തിലൂടെ മദ്യാസക്തിയെന്ന ബലഹീനതയ്ക്ക് അടിമപ്പെട്ടവന്റെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുമെന്ന് മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി.
കെസിബിസി മദ്യവിരുദ്ധ സമിതി ഡോര്‍ ടു ഡോര്‍ ബോധവത്കരണ പരിപാടികളില്‍ മുന്നേറ്റം നടത്തുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന നയമാണു മദ്യത്തിന്റെ ഡോര്‍ ഡെലിവറി നീക്കം. ജനവിരുദ്ധ മദ്യനയം സര്‍ക്കാരിനെ ഗുരുതരമായി ബാധിക്കും. ഓണത്തിന് അവശ്യ വസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ പറ്റാതെ നട്ടംതിരിയുന്ന സര്‍ക്കാരിന്റെ ഓണം ഓഫറായി മദ്യത്തിന്റെ ഡോര്‍ ഡെലിവറി നീക്കത്തെ കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
