News - 2025

അസർബൈജാന്‍ അർമേനിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് ലെയോ പാപ്പ

പ്രവാചകശബ്ദം 11-08-2025 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അസർബൈജാനും അർമേനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ച നടപടിയെ സ്വാഗതം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമേനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്.

സംയുക്ത സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിന് അർമേനിയയെയും അസർബൈജാനെയും അഭിനന്ദിക്കുകയാണെന്ന് ലെയോ പാപ്പ പറഞ്ഞു. ശാശ്വത സമാധാനം സ്ഥാപിക്കാൻ ഇത് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യുദ്ധങ്ങൾ അവസാനിക്കുന്നതിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവെച്ച ട്രംപിന്റെ കീഴിലുള്ള ഭരണകൂടത്തിന് ലോക നേതാക്കളില്‍ നിന്നു അഭിനന്ദന പ്രവാഹമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടിരിന്നു. അസര്‍ബൈജാന്‍ നടത്തിയ ആക്രമണത്തില്‍ അര്‍മേനിയക്കാര്‍ സമാനമായ സാഹചര്യം നേരിട്ടിരിന്നു. മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം രണ്ടു വര്‍ഷം മുന്‍പ് ഇസ്ലാമിക രാജ്യമായ അസർബൈജാന്‍റെ സൈന്യം കീഴടക്കിയിരിന്നു. ഇതേ തുടര്‍ന്നുണ്ടായ നാഗോര്‍ണോ കാരബാഖ് മേഖലയിൽ നിന്നുള്ള അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തെ 'വംശീയ ഉന്മൂലനം' എന്നാണ് വിശേഷിപ്പിച്ചിരിന്നത്. മുപ്പതു വര്‍ഷം യുദ്ധം നടന്നതും പതിനായിരങ്ങള്‍ ചോര ചിന്തിയതും ഈ മേഖലയ്ക്ക് വേണ്ടിയായിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »