News
സ്വീഡനില്‍ 672 ടൺ ഭാരമുള്ള ക്രൈസ്തവ ദേവാലയത്തെ നീക്കിക്കൊണ്ടുള്ള ചരിത്രയാത്ര അവസാനഘട്ടത്തില്‍
പ്രവാചകശബ്ദം 20-08-2025 - Wednesday
സ്റ്റോക്ഹോം: സ്വീഡനിലെ വടക്കൻ ലാപ്‌ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കാനുള്ള യാത്ര ആരംഭിച്ചു. 672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്. കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപ കാലത്തു പതിവാണെങ്കിലും ഒരു ദേവാലയം പൂര്‍ണ്ണമായും മാറ്റുന്നത് അപൂർവങ്ങളില്‍ അപൂര്‍വ സംഭവമാണ്.
പ്രമുഖ ഇരുമ്പയിര് കമ്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനന പദ്ധതി സൃഷ്ടിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ എട്ടിനു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ദേവാലയത്തിന്റെ ചരിത്രപ്രയാണം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ആരംഭിക്കുകയായിരിന്നു. നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്‌ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അ ഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.
1912ലാണു കിരണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ദേവാലയം നിർമിച്ചത്. വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. 2004ലാണ് പള്ളിയുൾപ്പെടെ കിരുണ ടൗൺസെൻ്റർ പൂര്‍ണ്ണമായും മാറ്റുന്ന പ്രവര്‍ത്തിക്ക് ആരംഭമായത്. ദേവാലയം വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും. ഇതിന്റെ ചെലവ് മുഴുവന്‍ എൽകെഎബി കമ്പനി തന്നെയാണ് വഹിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
